ധവളപത്രം സർക്കാരിന്റെ വാദം ശരിവെക്കുന്നു; പ്രതിപക്ഷകാലത്തെ സതീശന്റെ ആരോപണങ്ങൾ തള്ളിയെന്ന് ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി ഡി സതീശൻ ഉന്നയിച്ച പല ആരോപണങ്ങളും ധവളപത്രം തന്നെ തള്ളിക്കളയുന്നതാണെന്ന് ബാലഗോപാൽ ആരോപിച്ചു.
കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്തിന്റെ കടബാധ്യത ആറുലക്ഷം കോടി രൂപയാണെന്ന് സതീശൻ ആവർത്തിച്ചിരുന്നുവെന്നും, അന്ന് സർക്കാർ കണക്കുകൾ പ്രകാരം അത് 4.85 ലക്ഷം കോടി രൂപ മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നുവെന്നും ബാലഗോപാൽ പറഞ്ഞു. ഇപ്പോൾ ധവളപത്രത്തിൽ തന്നെ സംസ്ഥാനത്തിന്റെ കടം 5.7 ലക്ഷം കോടി രൂപയാണെന്ന് വ്യക്തമാക്കിയതോടെ മുൻപ് സർക്കാർ പറഞ്ഞ കണക്കുകളാണ് ശരിയെന്ന് തെളിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
സർക്കാർ ജീവനക്കാർക്ക് 1.25 ലക്ഷം കോടി രൂപ കുടിശ്ശിക നൽകാനുണ്ടെന്ന ആരോപണവും ധവളപത്രം തള്ളുന്നതാണെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. ധവളപത്രത്തിൽ ഈ ബാധ്യത 48,000 കോടി രൂപയാണെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ധവളപത്രം തയ്യാറാക്കേണ്ടത് ധനവകുപ്പാണെന്നും അതിനായുള്ള വിവരങ്ങൾ പുറത്തുള്ളവർക്ക് കൈമാറുന്നത് ശരിയായ നടപടിയല്ലെന്നും മുൻ ധനമന്ത്രി വിമർശിച്ചു. ഖജനാവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് രഹസ്യസ്വഭാവം നിലനിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, കേന്ദ്ര സർക്കാരിന്റെ ധനകാര്യ നയങ്ങളിലെ മാറ്റങ്ങൾ കേരളത്തിന്റെ വരുമാനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ടെന്നും ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കേണ്ട പല കേന്ദ്ര വിഹിതങ്ങളും വെട്ടിക്കുറച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കൊവിഡ് കാലത്ത് സംസ്ഥാനത്തിന്റെ കടബാധ്യത ജിഎസ്‍ഡിപിയുടെ 39 ശതമാനം വരെ ഉയർന്നിരുന്നെങ്കിലും ഇപ്പോൾ അത് 33.6 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും ബാലഗോപാൽ വ്യക്തമാക്കി. ധവളപത്രത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കുള്ള കാരണങ്ങളും കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള തുകയും വ്യക്തമായി രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



