ഇന്ത്യ സഖ്യത്തിന് തിരിച്ചടി; കോൺഗ്രസ് വഞ്ചന ആരോപിച്ച് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഡിഎംകെ

ദില്ലി: ദേശീയതലത്തിൽ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയാകുന്ന നിലപാടുമായി ദ്രാവിഡ മുന്നേറ്റ കഴകം (DMK). ജൂൺ 8ന് നടക്കാനിരിക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പാർട്ടി പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നാണ് ഡി.എം.കെ ആരോപണം. അതിനാൽ കോൺഗ്രസ് പങ്കെടുക്കുന്ന യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനമെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.
കോൺഗ്രസിന്റെ സമീപനത്തിൽ പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിയും നിരാശയും നിലനിൽക്കുന്നുണ്ടെന്നും, അവരുടെ വികാരങ്ങളെ മാനിച്ചാണ് ജൂൺ 8ലെ യോഗത്തിലേക്കുള്ള ക്ഷണം നിരസിക്കുന്നതെന്നും ഡി.എം.കെ വിശദീകരിച്ചു.
ഇന്ത്യ സഖ്യത്തിന്റെ രൂപീകരണ ഘട്ടം മുതൽ അതിന്റെ ശക്തമായ ഘടകമായി പ്രവർത്തിച്ചിരുന്നത് എം.കെ. സ്റ്റാലിൻ നേതൃത്വത്തിലുള്ള ഡി.എം.കെ ആണെന്നും, സഖ്യ രൂപീകരണത്തിൽ പാർട്ടി നിർണായക പങ്കുവഹിച്ചിരുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ദേശീയ വിഷയങ്ങളിൽ നിന്നുള്ള പിന്മാറ്റമായി കാണരുതെന്നും ഡി.എം.കെ വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികൾ ഉയർത്തുന്ന ജനകീയവും ദേശീയ പ്രാധാന്യമുള്ളതുമായ വിഷയങ്ങളിൽ പിന്തുണ തുടരുമെന്നും, ജനകീയ പോരാട്ടങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് പാർട്ടിയുടെ നിലപാട്.
ഡി.എം.കെയുടെ തീരുമാനം ഇന്ത്യ സഖ്യത്തിനുള്ളിലെ ബന്ധങ്ങളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.



