രാജ്യസഭാ പട്ടികയിൽ നിന്ന് പുറത്ത്; ജോർജ് കുര്യന്റെ കേന്ദ്രമന്ത്രി പദവും അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി: രാജ്യസഭാ സീറ്റുകളിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉൾപ്പെടാതിരുന്നതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നു. ഈ മാസം അവസാനിക്കുന്ന രാജ്യസഭാ കാലാവധിക്ക് ശേഷം മന്ത്രിസ്ഥാനവും നഷ്ടമാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

മധ്യപ്രദേശിൽ ഒഴിവാകുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് തരുൺ ചൂഖ്, രജനീഷ് അഗർവാൾ എന്നിവരെയാണ് ഭാരതീയ ജനത പാർട്ടി (BJP) പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നിലവിൽ രാജ്യസഭാംഗമായ ജോർജ് കുര്യന് വീണ്ടും അവസരം ലഭിച്ചില്ല.

കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ 2024 ഓഗസ്റ്റിലായിരുന്നു ജോർജ് കുര്യൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷകാര്യങ്ങൾ എന്നീ വകുപ്പുകളുടെ സഹമന്ത്രിയായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.

അടുത്തിടെ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ച ജോർജ് കുര്യൻ പരാജയപ്പെട്ടിരുന്നു. മുൻ ബി.ജെ.പി നേതാവ് അൽഫോൺസ് കണ്ണന്താനം 2021ൽ നേടിയതിലും കുറഞ്ഞ വോട്ടാണ് ഇത്തവണ ലഭിച്ചതെന്ന വിലയിരുത്തലും ഉയർന്നിരുന്നു.

രാജ്യസഭാ പുനർനാമനിർദേശമില്ലാത്ത സാഹചര്യത്തിൽ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ജോർജ് കുര്യൻ മന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്ന റിപ്പോർട്ടുകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button