മലയിടംതുരുത്ത് തർക്കത്തിൽ താത്കാലിക ആശ്വാസം; കുടിയൊഴിപ്പിക്കൽ നടപടിക്ക് ഹൈക്കോടതി രണ്ടാഴ്ചത്തെ സാവകാശം നൽകി

കൊച്ചി: മലയിടം തുരുത്തിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടിക്ക് താത്കാലിക ആശ്വാസം. കുടുംബങ്ങളെ ഒഴിപ്പിക്കാൻ ജൂൺ 16 വരെ സാവകാശം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു.

ജൂൺ 9-നകം ഒഴിപ്പിക്കൽ പൂർത്തിയാക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. എന്നാൽ ഇനി കൂടുതൽ സമയം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

പ്രശ്‌നപരിഹാരത്തിനായി സർക്കാർ ശ്രമം തുടരുകയാണെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സമയം നീട്ടി നൽകിയത്. ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായി നാളെ മന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളത്ത് യോഗം ചേരും.

മലയിടം തുരുത്ത് വിഷയത്തിൽ ബലപ്രയോഗം ഒഴിവാക്കി പരിഹാരം കണ്ടെത്താനാണ് സർക്കാരിന്റെ ശ്രമം. ഇതിനിടെ, ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാൻ പെരുമ്പാവൂർ കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ജൂൺ 9-നകം നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും മതിയായ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്കായി മലയിടം തുരുത്തിന് സമീപം 35 സെന്റ് ഭൂമി വാങ്ങി വീടുകൾ നിർമിച്ച് നൽകുന്നതാണ് നിലവിൽ സർക്കാരിന്റെ പ്രധാന നിർദേശം. ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള കണ്ണാട്ട് കുടുംബാംഗങ്ങളെയും ചർച്ചകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

എന്നാൽ മലയിടം തുരുത്ത് വിട്ടുപോകാൻ തയ്യാറല്ലെന്നാണ് അവിടെ താമസിക്കുന്ന കുടുംബങ്ങളുടെ നിലപാട്. റീസർവേ നടത്താതെ മറ്റ് നടപടികളുമായി സഹകരിക്കില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പുനരധിവാസത്തിനായി സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങളും കുടുംബങ്ങൾ അംഗീകരിച്ചിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button