ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ സുരേഷ് മരിച്ച നിലയിൽ; ചിദംബരം റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സുരേഷിനെ തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിദംബരത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ പുലർച്ചെയാണ് നാലാഞ്ചിറയിലെ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന ഹസീന ബീവി (36) കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് കാറിൽ രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഉപേക്ഷിച്ച നിലയിൽ കാർ ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി.

തുടർന്നുള്ള തെരച്ചിലിനിടെയാണ് ഇന്ന് രാവിലെ ചിദംബരത്തെ റെയിൽവേ ട്രാക്കിൽ സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സുരേഷും ഹസീനയും തമ്മിൽ നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇതിനെ തുടർന്ന് ഹസീന ഒരിക്കൽ വീടുവിട്ടുപോയിരുന്നുവെന്നും പിന്നീട് പൊലീസിന്റെ മധ്യസ്ഥതയിൽ വീണ്ടും വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ സുരേഷ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങൾ വീണ്ടും രൂക്ഷമായതോടെയാണ് സംഭവം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button