മുഖ്യമന്ത്രി ചർച്ചയിൽ നിർണായക കൂടിക്കാഴ്ച; ഖാർഗെയെ കണ്ടു ശശി തരൂർ

ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ശശി തരൂർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് നിർണായക കൂടിക്കാഴ്ച നടന്നത്.
കേരളത്തിലെ സാഹചര്യം സംബന്ധിച്ചും മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് ഖാർഗെയെ അറിയിച്ചതായും ശശി തരൂർ വ്യക്തമാക്കി. കേരളത്തിലെത്തിയ എഐസിസി നിരീക്ഷകർ ഡൽഹിയിലെത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പായിരുന്നു തരൂരിന്റെ കൂടിക്കാഴ്ച.
കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സിലൂടെ ചിത്രങ്ങളും ചർച്ചയുടെ വിവരങ്ങളും തരൂർ പങ്കുവച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസ് അധ്യക്ഷനെ ധരിപ്പിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയാണ് പിന്തുണച്ചതെന്ന കാര്യത്തിൽ തരൂർ വ്യക്തത നൽകിയില്ല.
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ് ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ തരൂരിന്റെ കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.



