വിജയ്‌യെ രണ്ടുതവണ മടക്കി; തീരുമാനം ഭരണഘടനാപരമെന്ന് ഗവർണർ ഓഫീസ്

ന്യൂഡൽഹി: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ഭൂരിപക്ഷം തെളിയിക്കുന്ന പാർട്ടിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്ന് ലോക് ഭവൻ വ്യക്തമാക്കി. തമിഴ്നാട്ടിന്റെ ചുമതലയുള്ള ഗവർണർ ആർ വി ആർലേക്കർ കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന ആരോപണങ്ങളും ഗവർണറുടെ ഓഫീസ് തള്ളി. ഭരണഘടനാപരമായ ചട്ടങ്ങൾ പാലിച്ചാണ് എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്ന് ലോക് ഭവൻ വൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയ തമിഴക വെട്രി കഴകത്തെ (ടിവികെ) സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കാത്തതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവർണറെ സമീപിച്ച ടിവികെ അധ്യക്ഷൻ വിജയ്‌യെ രണ്ടുതവണ മടക്കി അയച്ചതും രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കി.
അഞ്ച് കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ടിവികെയുടെ അംഗബലം നിലവിൽ 113 ആയി ഉയർന്നിട്ടുണ്ട്. എന്നാൽ 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനാവശ്യമായ 118 അംഗങ്ങളുടെ പിന്തുണക്കത്ത് ലഭിക്കണമെന്ന നിലപാടിലാണ് ഗവർണർ ഉറച്ചുനിൽക്കുന്നത്.
തമിഴ്നാട്ടിൽ ഇതുവരെ ഒരു പാർട്ടിക്കും സർക്കാർ രൂപീകരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാനായിട്ടില്ലെന്നാണ് ഗവർണറുടെ ഓഫീസ് വ്യക്തമാക്കുന്നത്. എസ്.ആർ. ബൊമ്മൈ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലെ സുപ്രധാന വിധി ആർട്ടിക്കിൾ 356-നുമായി ബന്ധപ്പെട്ടതാണെന്നും പുതിയ മുഖ്യമന്ത്രിയുടെ നിയമനത്തിൽ അത് നേരിട്ട് ബാധകമല്ലെന്നും ലോക് ഭവൻ വൃത്തങ്ങൾ വിശദീകരിച്ചു.
1994ൽ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് പുറപ്പെടുവിച്ച എസ്.ആർ. ബൊമ്മൈ വിധി, ആർട്ടിക്കിൾ 356 പ്രകാരം സംസ്ഥാന സർക്കാരുകളെ ഏകപക്ഷീയമായി പിരിച്ചുവിടുന്നത് നിയന്ത്രിക്കുന്നതിനാണ് പ്രധാനമായും ബാധകമാകുന്നതെന്നും ഗവർണറുടെ ഓഫീസ് ചൂണ്ടിക്കാട്ടി.



