വി ഡി മുഖ്യമന്ത്രിയാകണം’; പെട്രോൾ ദേഹത്ത് ഒഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ സമരം

കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം. കോട്ടയം കുറുപ്പുംതറയിലാണ് സംഭവം. കോൺഗ്രസ് പ്രവർത്തകനായ ഫ്രാൻസിസ് ഗുഡ്സ് ഓട്ടോ വാഹനത്തിന് മുകളിൽ കയറി ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം ലൈറ്ററുമായി നിന്നുകൊണ്ടായിരുന്നു പ്രതിഷേധം നടത്തിയത്.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഫ്രാൻസിസിനെ അനുനയിപ്പിച്ച് കസ്റ്റഡിയിൽ എടുത്തു. പ്രതിഷേധത്തിനിടെ ‘വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനാണ് ഞങ്ങൾ വോട്ട് ചെയ്തത്. അദ്ദേഹത്തെ മാറ്റിനിർത്തുന്ന നീക്കങ്ങൾക്കെതിരായ സാധാരണ കോൺഗ്രസുകാരന്റെ സമരമാണിത്’ എന്ന് ഫ്രാൻസിസ് വിളിച്ചുപറഞ്ഞു.
കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ ഇയാൾ ഒന്നര ലിറ്ററോളം പെട്രോൾ അടങ്ങിയ കുപ്പിയുമായാണ് സ്ഥലത്തെത്തിയത്. ഇതിൽ പകുതിയോളം ദേഹത്ത് ഒഴിച്ച ശേഷമാണ് പ്രതിഷേധം നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ സമീപിച്ചാൽ ലൈറ്റർ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പത്ത് മിനിറ്റോളം പ്രതിഷേധം തുടർന്നു. തുടർന്ന് പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി.
അതേസമയം, വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ സംഭവത്തിൽ ഇടുക്കി ഡിസിസിയും നടപടി സ്വീകരിച്ചു. നാല് കോൺഗ്രസ് പ്രവർത്തകരെ പദവികളിൽ നിന്ന് നീക്കിയതായി ഡിസിസി നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള കോൺഗ്രസിലെ ആഭ്യന്തര ചർച്ചകൾക്കിടെ ഇത്തരം പ്രതിഷേധങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദങ്ങൾക്കും വഴിവെക്കുകയാണ്.



