തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച; രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഡ്യൂട്ടി ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ അവഗണനയാണ് പ്രശ്നത്തിന് കാരണമായതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവ് കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഡ്രസ്സ് ചെയ്യുന്നതിൽ ഉണ്ടായ വീഴ്ചയാണ് പുഴുവരിക്കാൻ ഇടയാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ മതിയായ ശ്രദ്ധ പുലർത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യ മന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം 28-നാണ് പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിന് ബൈക്ക് അപകടത്തിൽ പരിക്കേൽക്കുന്നത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ കാലിൽ ശസ്ത്രക്രിയ നടത്തി കമ്പിയിട്ടിരുന്നു. തുടർന്ന് ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയ ശേഷമാണ് മുറിവിൽ പുഴുക്കൾ കണ്ടെത്തിയത്.

ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രോഗിയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി ചികിത്സ നൽകി. സംഭവത്തിൽ ബന്ധുക്കൾ കടുത്ത പ്രതിഷേധം ഉയർത്തിയതോടെ ആരോഗ്യ വകുപ്പ് അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button