പുനർജനി കേസ് അവസാനിപ്പിക്കും; മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: പുനർജനി പദ്ധതി ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കഴിഞ്ഞ സർക്കാർ രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര വിജിലൻസ് വകുപ്പ് തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വിജിലൻസ് ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ നടത്തിയ വിജിലൻസ് അന്വേഷണത്തിൽ വി.ഡി. സതീശനെതിരെ യാതൊരു തെളിവും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി ക്ലീൻ ചിറ്റ് നൽകിയത്.
പുനർജനി പദ്ധതിക്കായി ഫണ്ട് പിരിവ് നടത്തിയതിലെ ക്രമക്കേട് ആരോപണത്തിൽ പ്രതിപക്ഷ നേതാവിന് പങ്കില്ലെന്നായിരുന്നു 2025 സെപ്റ്റംബറിൽ വിജിലൻസ് ഡയറക്ടർക്ക് ഡിഐജി കൈമാറിയ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. വി.ഡി. സതീശന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വിദേശ സന്ദർശനത്തിന് ശേഷം സതീശൻ വസ്തു വാങ്ങിയെന്ന ആരോപണം പരാതിയിൽ ഉൾപ്പെട്ടിരുന്നില്ലാത്തതിനാൽ ആ വിഷയത്തിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പുനർജനി ഫണ്ട് കൈകാര്യം ചെയ്തത് മണപ്പാട് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയാണെന്നും, ഫണ്ട് വി.ഡി. സതീശൻ നേരിട്ട് കൈകാര്യം ചെയ്തതായി തെളിവില്ലെന്നും വിജിലൻസ് കണ്ടെത്തി.
ഭരണമാറ്റത്തിന്റെ അടിസ്ഥാനത്തിലല്ല മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമായിരുന്നുവെന്നും, വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടും ശുപാർശയും പരിഗണിച്ചാണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.



