സിപിഎം–ബിജെപി ഡീൽ ആരോപണം ചെറുക്കാനായില്ല; തിരഞ്ഞെടുപ്പ് പതനത്തിന് കാരണമായെന്ന് സംസ്ഥാന സമിതിയിൽ വിമർശനം

കോഴിക്കോട്: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന സമിതി റിപ്പോർട്ടിൽ വ്യാപക വിമർശനമെന്ന് സൂചനകൾ. സിപിഎം-ബിജെപി ഡീൽ ആരോപണത്തെ ഫലപ്രദമായി ചെറുക്കാത്തത് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പതനത്തിലേക്ക് നയിച്ചെന്ന് സമിതിയിലെ റിപ്പോർട്ടിൽ പറയുന്നു.
സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുകയും മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും സമാനമായ പ്രചാരണം നടത്തുകയും ചെയ്തു. ക്രിസ്ത്യൻ ന്യൂനപക്ഷത്തിലെ ഒരുവിഭാഗം ഈ സ്വാധീനത്തിൽ എൽഡിഎഫിനെതിരെ തിരിഞ്ഞു. എസ്ഐആർ അടക്കം ഉപയോഗപ്പെടുത്തി വ്യാജപ്രചാരണം നയിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ആഗോള അയ്യപ്പസംഗമത്തിൽ യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് സിപിഎം ഹിന്ദു വർഗീയതയോട് മൃദു സമീപനം പുലർത്തുകയാണ് എന്ന പ്രതീതി സൃഷ്ടിച്ചു.
ഇതെങ്ങനെ സമ്മതിച്ചു എന്ന് ചോദ്യവുമുണ്ടായി.പിഎംശ്രീയിൽ ഒപ്പിട്ടപ്പോൾ സിപിഐയെ പോലും വിശ്വാസത്തിലെടുത്തില്ല. ഇത് ബിജെപി-സിപിഎം അന്തർധാരണയുണ്ടെന്ന പ്രചാരണത്തിന് ശക്തികൂട്ടി. ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് ചെറുതായി കാണാനാകില്ല. ആർഎസ്എസിനെയും ബിജെപിയെയും പ്രതിരോധിക്കാൻ കഴിഞ്ഞ സമ്മേളനത്തിലെടുത്ത നിർദ്ദേശങ്ങളൊന്നും നടപ്പായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ, കർഷകതൊഴിലാളികൾ മുതൽ അടിസ്ഥാനവർഗം പോലും പാർട്ടിക്ക് വോട്ട് റിപ്പോർട്ടിൽ പറയുന്നുണ്ട്.



