സർക്കാർ വാഗ്ദാനം പാലിച്ചില്ല; നീറ്റ് സമരം വീണ്ടും തുടങ്ങുമെന്ന് സിജെപി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സിജെപി (കോക്രോച്ച് ജനതാ പാർട്ടി)യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭം അവസാനിച്ച് അഞ്ച് ദിവസം പിന്നിടുമ്പോഴും കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചിട്ടില്ലെന്ന് സിജെപി ആരോപിച്ചു. വാഗ്ദാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സമരം വീണ്ടും ആരംഭിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അഭിജീത് ദിപ്കെ അറിയിച്ചു.
വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും തുടർനടപടികൾ ഉണ്ടാകില്ലെന്നും കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നുവെന്നാണ് സിജെപിയുടെ ആരോപണം. എന്നാൽ ഡൽഹി പൊലീസ് വിദ്യാർത്ഥികൾക്കെതിരായ നടപടികൾ തുടരുകയാണെന്നും സർക്കാർ ഉറപ്പുകൾ രേഖാമൂലം കൈമാറിയിട്ടില്ലെന്നും പാർട്ടി വ്യക്തമാക്കി.
പ്രക്ഷോഭം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അഭിജീത് ദിപ്കെ ഉടൻ ഡൽഹിയിലെത്തുമെന്ന് സിജെപി അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കകം സർക്കാർ ഉറപ്പുകൾ രേഖാമൂലം കൈമാറുമെന്ന് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിംഗും അറിയിച്ചിരുന്നുവെന്നും, എന്നാൽ ഇതുവരെ അത്തരമൊരു രേഖ ലഭിച്ചിട്ടില്ലെന്നും സിജെപി പ്രവർത്തകർ ആരോപിച്ചു.
വിദ്യാർത്ഥികൾക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തുടരുന്ന സാഹചര്യവും സമരം പുനരാരംഭിക്കാനുള്ള തീരുമാനത്തിന് കാരണമായതായി പാർട്ടി അറിയിച്ചു. നിലവിലുള്ള എഫ്.ഐ.ആറുകൾ പിൻവലിക്കുമെന്നും ഭാവിയിൽ കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ ഉറപ്പ്. എന്നാൽ ഇതിന് വിരുദ്ധമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്നും വിദ്യാർത്ഥികളോടുള്ള വഞ്ചനയ്‌ക്കെതിരെയാണ് വീണ്ടും സമരത്തിന് ഒരുങ്ങുന്നതെന്നും സിജെപി വ്യക്തമാക്കി.



