ജിഎസ്ടി വകുപ്പിന് 64 പുതിയ വാഹനങ്ങൾ; ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: ജിഎസ്ടി വകുപ്പിന്റെ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി 64 പുതിയ ഔദ്യോഗിക വാഹനങ്ങളാണ് നിരത്തിലിറക്കിയത്.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതി വരുമാനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ജിഎസ്ടി വകുപ്പ് കൂട്ടായ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയ വാഗ്ദാനം വേഗത്തിൽ യാഥാർഥ്യമാക്കിയ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പുതിയ വാഹനങ്ങളുടെ വരവോടെ ജിഎസ്ടി വകുപ്പിലെ ഓഡിറ്റ്, ഇന്റലിജൻസ്, ടാക്സ് പേയർ സർവീസസ് വിഭാഗങ്ങളുടെ ഫീൽഡ് തല നിരീക്ഷണവും പ്രവർത്തനങ്ങളും കൂടുതൽ ശക്തമാകും.
ഫീൽഡ് പരിശോധനകൾ വേഗത്തിലാക്കുന്നതിലൂടെ നികുതി ചോർച്ച ഫലപ്രദമായി തടയാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. നികുതിദായകർക്ക് സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ റവന്യു വരുമാനം വർധിപ്പിക്കാനും പുതിയ വാഹനങ്ങൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജിഎസ്ടി വകുപ്പിന്റെ പുതിയ നീക്കം.



