ആസൂത്രണ ബോർഡ് പരീക്ഷയിൽ ഗൂഢാലോചനയോ? 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ എസ്ഐടി അന്വേഷണം

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള വിവാദ പി.എസ്.സി പരീക്ഷയിൽ ആസൂത്രിത ഗൂഢാലോചന നടന്നതായി അന്വേഷണ സംഘത്തിന് നിർണായക സൂചന ലഭിച്ചു. പരീക്ഷയിലെ 10 ചോദ്യങ്ങളുടെ മൂല്യനിർണയം മനഃപൂർവം ഒഴിവാക്കിയെന്നാണ് അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ഈ ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചതായാണ് വിവരം. പി.എസ്.സി ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഒന്നാം റാങ്ക് നേടിയ ഇടത് സംഘടനാ നേതാവിന് ആറ് ഉത്തരങ്ങൾ തെറ്റായിരുന്നെന്നും നാല് ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആകെ 10 ചോദ്യങ്ങളുടെ മൂല്യനിർണയം പൂർണമായും ഒഴിവാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ 90 പരാതികളാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്നത്. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേടുകൾ നടന്നതെന്നാണ് ആരോപണം. 54 മാർക്ക് വിലവരുന്ന 10 ചോദ്യങ്ങൾ എന്തുകൊണ്ടാണ് മൂല്യനിർണയം ചെയ്യാതിരുന്നതെന്ന കാര്യമാണ് അന്വേഷണത്തിന്റെ പ്രധാന കേന്ദ്രബിന്ദു.
കാറ്റഗറി നമ്പർ 249/2022 പ്രകാരമുള്ള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) തസ്തികയിലേക്കായി 2023 ജൂലൈ 13-ന് നടത്തിയ പരീക്ഷയിലാണ് ക്രമക്കേടുകൾ നടന്നതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഈ സംഭവം പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടമുണ്ടാക്കിയെന്നും എഫ്.ഐ.ആർ വ്യക്തമാക്കുന്നു.
ഐജി അജീതാ ബീഗം, എസ്.പി സക്കറിയ മാത്യു, ഡിവൈ.എസ്.പി അജയനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.



