ധവളപത്രം സഭയിൽ ചൂടേറിയ രാഷ്ട്രീയ ഏറ്റുമുട്ടൽ; ഭരണ പ്രതിപക്ഷ വാഗ്വാദം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം യുഡിഎഫ് സർക്കാർ നിയമസഭയിൽ സമർപ്പിച്ചതിന് പിന്നാലെ സഭയിൽ ഭരണ–പ്രതിപക്ഷ വാഗ്വാദം ശക്തമായി. ധവളപത്രം മേശപ്പുറത്തുവെച്ച നടപടിയെ ചുറ്റിപ്പറ്റിയാണ് പ്രധാനമായും രാഷ്ട്രീയ തർക്കം ഉടലെടുത്തത്.
ധവളപത്രം സ്പീക്കറുടെ കൃത്യമായ അനുമതിയോടെയാണ് സഭയിൽ സമർപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. എന്നാൽ സമർപ്പണത്തിന് പിന്നാലെ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയതോടെ സഭയിൽ ചർച്ച കൂടുതൽ കടുപ്പപ്പെട്ടു. “ഇനി എന്ത് വിയോജിപ്പാണ് രേഖപ്പെടുത്താനുള്ളത്” എന്നായിരുന്നു ബാലഗോപാലിന്റെ പ്രതികരണം.
ധവളപത്രം തയ്യാറാക്കുന്നതിനായി സർക്കാരിന്റെ ഔദ്യോഗികവും രഹസ്യവുമായ സാമ്പത്തിക രേഖകൾ പുറത്തുവിട്ടത് ക്രമക്കേടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അക്കൗണ്ടന്റ് ജനറലിന് പോലും ലഭിക്കാത്ത വിവരങ്ങൾ പുറത്തുള്ള വിദഗ്ധർക്ക് കൈമാറിയത് ഔദ്യോഗിക രഹസ്യ നിയമങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷം വിമർശിച്ചു.
എന്നാൽ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. ബജറ്റിൽ ഉൾപ്പെടുന്ന പൊതുവിവരങ്ങൾ മാത്രമാണ് പരിശോധിച്ചതെന്നും ധനവകുപ്പിന്റെ ആഭ്യന്തര നിയന്ത്രണത്തിലാണ് ധവളപത്രം തയ്യാറാക്കിയതെന്നും അദ്ദേഹം സഭയെ അറിയിച്ചു. ഒരു രഹസ്യ രേഖയും ചോർന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ധവളപത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കൊപ്പം സഭയിൽ ഭരണ–പ്രതിപക്ഷ രാഷ്ട്രീയ ഏറ്റുമുട്ടലും കൂടുതൽ ശക്തമാകുമെന്നാണ് സൂചന.



