സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; ആദ്യഘട്ടത്തിൽ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ മാത്രം നടപ്പാക്കാൻ നീക്കം

തിരുവനന്തപുരം: സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം നടപ്പാക്കാൻ സർക്കാർ നീക്കം. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള മറ്റ് സർവീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് നിലവിൽ പ്രായോഗികമല്ലെന്നാണ് കെഎസ്ആർടിസി വിദഗ്ധ സമിതിയുടെ വിലയിരുത്തൽ.

ദീർഘദൂര സർവീസുകളിലും റിസർവേഷൻ സൗകര്യമുള്ള ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് സമിതി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ പദ്ധതി ഓർഡിനറി സർവീസുകളിൽ മാത്രം നടപ്പാക്കാൻ ആലോചിക്കുന്നത്.

പദ്ധതി പ്രാബല്യത്തിൽ വന്നാൽ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം സർക്കാർ പൂർണമായും കെഎസ്ആർടിസിക്ക് നൽകും. ഇതിനായി പ്രതിമാസം 90 മുതൽ 100 കോടി രൂപ വരെ അധികമായി കണ്ടെത്തേണ്ടിവരുമെന്നാണ് കണക്ക്. നിലവിൽ ശമ്പളത്തിനും പെൻഷനും വേണ്ടി സർക്കാർ നൽകുന്ന 80 കോടി രൂപയ്ക്ക് പുറമെയായിരിക്കും ഈ തുക.

കൊവിഡ് മഹാമാരിക്ക് മുമ്പ് പ്രതിദിനം 35 ലക്ഷം യാത്രക്കാരുണ്ടായിരുന്ന കെഎസ്ആർടിസിയിൽ ഇപ്പോൾ യാത്രക്കാരുടെ എണ്ണം 25 ലക്ഷത്തിൽ താഴെയാണുള്ളത്. സൗജന്യ യാത്ര പദ്ധതി ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഈ മാസം 15-നകം പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം നടപ്പാക്കുന്ന പദ്ധതി വിജയകരമാണെന്ന് വിലയിരുത്തിയാൽ പിന്നീട് മറ്റ് സർവീസുകളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button