കർണാടകയിൽ എച്ച്ഐവി ബാധിതർ വർധിക്കുന്നു; കോളേജ് വിദ്യാർഥികൾക്ക് പരിശോധനയും കൗൺസിലിംഗും നിർബന്ധമാക്കി


ബംഗളൂരു: കർണാടകയിൽ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവുണ്ടായതായി റിപ്പോർട്ട്. സംസ്ഥാനത്ത് നിലവിൽ ഏകദേശം 2.60 ലക്ഷം പേർ എച്ച്ഐവിയുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇവരിൽ 2.05 ലക്ഷം പേർക്ക് മാത്രമാണ് ആന്റി റെട്രോവൈറൽ തെറാപ്പി (ART) ലഭിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടനയുടെ (NACO) കണക്കുകൾ പ്രകാരം എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ കർണാടക രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. യുവാക്കൾക്കിടയിലെ രോഗവ്യാപനമാണ് ഏറ്റവും കൂടുതൽ ആശങ്ക ഉയർത്തുന്നത്. 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ള 7,000-ത്തിലധികം വിദ്യാർഥികൾ എച്ച്ഐവി ബാധിതരാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ (KSAPS) നിർദേശപ്രകാരം സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളേജുകളിൽ എച്ച്ഐവി പരിശോധനയും കൗൺസിലിംഗ് ക്യാമ്പുകളും ആരംഭിച്ചു. രോഗബാധ നേരത്തേ കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നതാണ് നടപടിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

18 മുതൽ 35 വയസ്സ് വരെയുള്ള പ്രായവിഭാഗത്തിലാണ് രോഗവ്യാപനം കൂടുതൽ രേഖപ്പെടുത്തുന്നത്. 2023-24 കാലയളവിൽ ഈ വിഭാഗത്തിൽ 44,500 പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചിരുന്നത്. എന്നാൽ 2025-26 ആയപ്പോൾ ഈ എണ്ണം 66,000 ആയി ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും ലഹരി ഉപയോഗവും എച്ച്ഐവി വ്യാപനത്തിന്റെ പ്രധാന കാരണങ്ങളാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കോളേജ് വിദ്യാർഥികൾക്കിടയിൽ എച്ച്ഐവി പരിശോധനയും ബോധവത്കരണവും കൗൺസിലിംഗും വ്യാപകമാക്കാൻ സർക്കാർ നടപടി ശക്തമാക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button