മലയാളികളുടെ ചിക്കൻ തീറ്റ നാളെമുതൽ നിലയ്ക്കുമോ? തീരുമാനം മാറ്റാതെ തമിഴ്നാട്ടിലെ വ്യാപാരികൾ

കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോഴിവ്യാപാരികൾ നാളെമുതൽ സമരത്തിൽ. ജൂലായ് 31 മുതൽ ബ്രോയിലർ കോഴികളുടെ വിൽപ്പന അനിശ്ചിതകാലത്തേക്ക് നിറുത്തിവയ്ക്കാൻ തമിഴ്നാട് പൗൾട്രി ട്രേഡേഴ്സ് ഫെഡറേഷൻ തിങ്കളാഴ്ച ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനിച്ചത്. കോഴിവളർത്തൽ കേന്ദ്രങ്ങളിലെ അശാസ്ത്രീയ തീറ്റക്രമത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നാണ് സംഘടന അറിയിച്ചിരുന്നത്.
വിൽപ്പനയ്ക്കുമുമ്പുവരെ തീറ്റനൽകി കോഴികളുടെ ഭാരം കൃത്രിമമായി കൂട്ടുന്ന രീതിയാണ് വ്യാപാരികൾ എതിർക്കുന്നത്. ഇത് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു എന്നാണ് വ്യാപാരികളുടെ ആക്ഷേപം. വിൽക്കുന്നതിന് തൊട്ടുമുമ്പുവരെ തീറ്റയും വെള്ളവും നൽകുന്നതിനാൽ ഒരു കോഴിയിൽ ഇരുനൂറുഗ്രാമിൽ അധികം തീറ്റയും വെള്ളവും ഉണ്ടാവുമെന്നാണ് വ്യാപാരികൾ പറയുന്നത്.
തൂക്കത്തിലുണ്ടാകുന്ന നഷ്ടത്തിനുപുറമേ കോഴിയെ വെട്ടിവൃത്തിയാക്കുമ്പോൾ ഈ മാലിന്യങ്ങൾ കലർന്ന് ഇറച്ചി മലിനമാകാനും സാദ്ധ്യത ഏറെയാണ്.വിൽപ്പനയ്ക്കായി അയയ്ക്കുന്നതിന് 15മണിക്കൂറെങ്കിലും മുമ്പേ തീറ്റനൽകുന്നത് നിറുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വിഷയത്തിൽ തമിഴ്നാട് സർക്കാരും മൃഗസംരക്ഷണ വകുപ്പും ഇടപെട്ട് ഏകീകൃത മാനദണ്ഡങ്ങൾ നടപ്പിലാക്കണമന്നും അവർ ആവശ്യപ്പെടുന്നു.
സമരം കേരളത്തെയും പുതുച്ചേരിയെയും ബാധിക്കുമെന്നാണ് കരുതുന്നത്. കേരളത്തിലേക്ക് ഇറച്ചിക്കോഴികൾ കൂടുതലായി എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. ഇപ്പോൾതന്നെ ചിക്കൻ വില ഉയർന്നുനിൽക്കുകയാണ്. ഇതിനൊപ്പം സമരംകൂടിയാകുമ്പോൾ വില കുതിച്ചുയരാൻ ഇടയുണ്ട്. സമരം അവസാനിപ്പിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവും എന്ന പ്രത്യാശയിലാണ് വ്യാപാരികൾ.



