‘അനാവശ്യ ചെലവ് വേണ്ട’; വിജയ് പ്രഖ്യാപിച്ച എംഎൽഎമാരുടെ സൗജന്യ കാർ നിരസിച്ച് ഡിഎംകെ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാറുകൾ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷമായ ഡിഎംകെ. പാർട്ടിയിലെ 59 എംഎൽഎമാരും സർക്കാർ വാഗ്ദാനം ചെയ്ത കാറുകൾ നിരസിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു.

സംസ്ഥാനം സാമ്പത്തിക ബാധ്യത നേരിടുന്ന സാഹചര്യത്തിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്നാണ് ഉദയനിധിയുടെ നിലപാട്. അർഹരായവർക്ക് മാത്രം കാർ അനുവദിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എല്ലാ എംഎൽഎമാരെയും ഒരുപോലെ പരിഗണിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് മന്ത്രി ആധവ് അർജുന പ്രതികരിച്ചു. വിസികെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയ ചെറിയ പാർട്ടികളിലെ എംഎൽഎമാരുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നും മണ്ഡലങ്ങളിൽ യാത്ര ചെയ്യാൻ കാർ ആഡംബരമല്ല, ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഉദയനിധി സ്റ്റാലിനെയും ആധവ് അർജുന വിമർശിച്ചു. മൂന്ന് ബംഗ്ലാവുകൾ ഉണ്ടായിരിക്കെ ഉദയനിധി എന്തിനാണ് സർക്കാർ ക്വാർട്ടേഴ്‌സിൽ താമസിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ 234 എംഎൽഎമാർക്കും സൗജന്യമായി കാറുകൾ നൽകുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചത്. കാറുകളുടെ ഡ്രൈവർ, ഇന്ധനം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപ വീതം അനുവദിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button