‘കള്ളൻ വിജയൻ’ ലേഖന വിവാദം; ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റർ കെ.ആർ. അജയൻ രാജിവച്ചു

തിരുവനന്തപുരം: ‘കള്ളൻ വിജയൻ’ ലേഖനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്തുനിന്ന് മാറ്റിയ കെ.ആർ. അജയൻ ദേശാഭിമാനിയിൽ നിന്ന് രാജിവച്ചു. എഡിറ്റർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ രാജിവയ്ക്കാനോ നീണ്ട അവധിയിൽ പോകാനോ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. ഇതിന് പിന്നാലെയാണ് അജയൻ രാജി സമർപ്പിച്ചത്.
ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട് ദേശാഭിമാനി റസിഡന്റ് എഡിറ്റർ നേരത്തെ അജയനോട് വിശദീകരണം തേടിയിരുന്നു. ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്നായിരുന്നു അജയന്റെ വിശദീകരണം.
ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കാത്ത ലേഖനം ലേഖകൻ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം ശക്തമായത്. തലക്കെട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അത് പാലിക്കാതിരിക്കുകയും ഇക്കാര്യം മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയും ചെയ്തുവെന്നാരോപിച്ചാണ് അജയന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
എന്നാൽ ടി.സി. രാജേഷ് എഴുതിയ ലേഖനം ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.’ എന്ന തലക്കെട്ടിൽ തന്നെ പ്രസിദ്ധീകരിച്ചു. ഇതോടെ എഡിറ്റോറിയൽ ബോർഡിലെ ചില അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുകയും വാരാന്തപ്പതിപ്പിന്റെ പ്രസിദ്ധീകരണം പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു.
തിരുവനന്തപുരം പുല്ലമ്പാറയിലെ പ്രമുഖ നാടകപ്രവർത്തകൻ വിജയനെക്കുറിച്ചുള്ള ലേഖനമായിരുന്നു ടി.സി. രാജേഷ് എഴുതിയത്.



