തീർത്ഥാടകരുടെ തിരക്കൊഴിഞ്ഞു; അരവണ വിൽപ്പന പകുതിയായി, 9 കോടിയുടെ ഇടിവ്

തിരുവനന്തപുരം: ശബരിമലയിൽ നടവരവിലും അരവണ വില്പനയിലവും വൻഇടിവ്. കഴിഞ്ഞ എട്ട് ദിവസത്തെ അരവണ വില്പനയിൽ മുൻ വർഷത്തെക്കാൾ 9 കോടിയോളം രൂപയുടെ കുറവുണ്ടായി. ഞായർ വരെ 10.21 കോടിയുടെ അരവണ വിറ്റു. കഴിഞ്ഞ വർഷം ഈ കാലയളവിൽ ലഭിച്ചത് 19 കോടി രൂപയാണ്. ഞായറാഴ്ച മാത്രം 2.24 ലക്ഷം ടിൻ അരവണയും 85,000 പായ്ക്കറ്റ് അപ്പവുമാണ് വിറ്റത്. വൃശ്ചികം ഒന്നിന് 32 ലക്ഷം ടിൻ അരവണയാണ് കരുതൽ ശേഖരമായി ഉണ്ടായിരുന്നത്. ഇപ്പോൾ 41 ലക്ഷമായി വർദ്ധിച്ചിട്ടുണ്ട്.
നട തുറന്നതു മുതൽ കഴിഞ്ഞ ദിവസം വരെ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇന്ന് കൂടുതൽ തീർത്ഥാടകരെത്തി. ഇന്ന് വൈകിട്ട് ആറു വരെ 62, 227പേരാണ ദർശനത്തിനെത്തിയത്. നാല് ലക്ഷത്തോളം തീർത്ഥാടകരാണ് എട്ട് ദിവസത്തിനുള്ളിൽ എത്തിയത്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 3ലക്ഷം തീർത്ഥാടകർ കുറഞ്ഞു. വൃശ്ചികം 12 കഴിയുന്നതോടെ തിരക്ക് കൂടുമെന്നാണ് വിലയിരുത്തൽ. അതേസമയം പമ്പയിലൊഴികെ കൂടുതൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ തുറക്കുന്ന കാര്യം ദേവസ്വം ബോർഡ് പരിഗണിക്കുന്നു. വെർച്വൽ ക്യൂ ബുക്കിംഗിലെ അസ്വാഭാവികതയിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പൊലീസ് ദേവസ്വം ബോർഡിനോട് ബുക്കിംഗ് വിവരങ്ങൾ തേടി.



