അൽഫാമും മന്തിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; പത്ത് പേർ ആശുപത്രിയിൽ

ഇടുക്കി : അടിമാലി ടൗണിൽ പ്രവർത്തിക്കുന്ന റെഡ് മുല്ലറ്റ് റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച 55 ലേറെ പേർക്ക് ഭക്ഷ്യ വിഷബാധ. ഇതിൽ ഭക്ഷ്യവിഷബാധ കലശലായ 10ഓളം പേരെ തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. പിഞ്ചു കുട്ടികൾ മുതൽ വയോധികർ വരെ ഭക്ഷ്യ വിഷബാധയേറ്റവരിൽ ഉൾപ്പെടുന്നുണ്ട്.
ശനിയാഴ്ച വൈകിട്ട് മുതൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവരാണ് ചികിത്സയിലായിരിക്കുന്നത്. അടിമാലി താലൂക്ക് ആശുപത്രി, നാല് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് കൂടുതൽ പേരും ചികിത്സ തേടിയിരിക്കുന്നത്. അൽഫാം, മന്തി, ഗ്രിൽഡ് ചിക്കൻ, മയോണൈസ് ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇതേ തുടർന്ന് ഞായറാഴ്ച വിവരം ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും അവധി ദിവസമായതിനാൽ റസ്റ്റോറന്റിൽ എത്തി പരിശോധന നടത്തിയില്ല. ഫോണിലൂടെ സ്ഥാപനം അടച്ചിടാൻ നിർദേശം നൽകുക മാത്രമാണ് ചെയ്തത്. ഇതോടെ റസ്റ്റോറന്റ് ക്ലീൻ ചെയ്ത ശേഷം ഉടമകൾ സ്ഥാപനം അടച്ചിട്ട നിലയിലാണ്. സ്ഥാപനം അടച്ചു പൂട്ടാൻ ആരോഗ്യവകുപ്പും സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. ഇന്ന് റസ്റ്റോറന്റിൽ എത്തി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, ഫുഡ് സേഫ്റ്റി വിഭാഗം അധികൃതർ അറിയിച്ചു.



