പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കണ്ടന്റ് ക്രിയേറ്റർമാരുടെ വരുമാനത്തിലും സർക്കാർ പിടിമുറുക്കുന്നു!

ഇസ്ലാമാബാദ്: സോഷ്യൽ മീഡിയയിലൂടെ വരുമാനം നേടുന്ന കണ്ടന്റ് ക്രിയേറ്റർമാരെയും നികുതി പരിധിയിൽ ഉൾപ്പെടുത്തി പാക് സർക്കാർ. രാജ്യത്തിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്ടോക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിനാണ് പാക് സർക്കാർ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.
പാകിസ്ഥാൻ ഫെഡറൽ ബോർഡ് ഓഫ് റവന്യൂ (എഫ്.ബി.ആർ) നിശ്ചയിച്ച പുതിയ മാനദണ്ഡപ്രകാരം, മോണിറ്റൈസ് ചെയ്ത സോഷ്യൽ മീഡിയ ഉള്ളടക്കത്തിന് 1000 കാഴ്ചയ്ക്ക് 195 പാകിസ്ഥാൻ രൂപ വരുമാനമായി കണക്കാക്കും. യഥാർത്ഥത്തിൽ ലഭിച്ച വരുമാനമോ ഈ കണക്കുപ്രകാരമുള്ള വരുമാനമോ — ഏതാണ് കൂടുതലോ അതിന്റെ അടിസ്ഥാനത്തിലാകും നികുതി കണക്കാക്കുക. ഉദാഹരണത്തിന്, ഒരു വീഡിയോയ്ക്ക് പത്ത് ലക്ഷം കാഴ്ചക്കാർ ലഭിച്ചാൽ 1,95,000 രൂപയാണ് മാനദണ്ഡമനുസരിച്ചുള്ള വരുമാനം. ഇതിൽ പരമാവധി 30 ശതമാനം ചെലവായി കുറയ്ക്കാം. ശേഷിക്കുന്ന 70 ശതമാനം നികുതി കൂടി ബാധകമായ വരുമാനമായി കണക്കാക്കും.
ക്രിയേറ്റർമാർക്ക് എതിർപ്പ് സർക്കാരിന്റെ പുതിയ മാനദണ്ഡത്തിനെതിരെ പാകിസ്ഥാനിലെ നിരവധി കണ്ടന്റ് ക്രിയേറ്റർമാർ രംഗത്തെത്തിയിട്ടുണ്ട്. 1000 കാഴ്ചക്കാർക്ക്195 രൂപ എന്ന കണക്ക് യഥാർത്ഥ വരുമാനത്തേക്കാൾ കൂടുതലാണെന്നാണ് ക്രിയേറ്റർമാരുടെ വാദം. ഉള്ളടക്കത്തിന്റെ സ്വഭാവം, പ്രേക്ഷകർ, പരസ്യവരുമാനം തുടങ്ങിയ നിരവധി ഘടകങ്ങൾ വരുമാനത്തെ ബാധിക്കുന്നതിനാൽ ഒറ്റ നിരക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും ക്രിയേറ്റർമാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ യഥാർത്ഥ വരുമാനം മാനദണ്ഡമനുസരിച്ചുള്ള കണക്കിനേക്കാൾ കുറവാണെന്ന് തെളിയിക്കുന്ന രേഖകൾ ക്രിയേറ്റർമാർക്ക് സമർപ്പിക്കാം. അത്തരം തെളിവുകൾ പരിശോധിച്ച് കുറഞ്ഞ വരുമാനം അംഗീകരിക്കാൻ എഫ്.ബി.ആറിന് അധികാരമുണ്ട്.
അഞ്ച് ശതമാനം നികുതി സോഷ്യൽ മീഡിയ വരുമാനം ബാങ്ക് അക്കൗണ്ടിലെത്തുമ്പോൾ അഞ്ച് ശതമാനം നികുതി പിടിക്കുന്ന സംവിധാനവും പാക് സർക്കാർ നേരത്തെ ഏർപ്പെടുത്തിയിരുന്നു. കൂടാതെ നിശ്ചിത പരിധിക്ക് മുകളിലുള്ള വരുമാനം നേടുന്ന ക്രിയേറ്റർമാർ മൂന്ന് മാസം കൂടുമ്പോൾ മുൻകൂർ നികുതി അടയ്ക്കുകയും വാർഷിക നികുതി റിട്ടേണിൽ വരുമാനം രേഖപ്പെടുത്തുകയും വേണം.
നികുതി ഭാരം വർദ്ധിക്കുന്നത് ക്രിയേറ്റർമാരെ വിദേശത്തേക്ക് മാറാനോ വിദേശ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാനോ പ്രേരിപ്പിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നുള്ള 1.4 ലക്ഷത്തിലേറെ യൂട്യൂബ് ചാനലുകൾ പാകിസ്ഥാനികൾ തന്നെ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.അതേസമയം, പാകിസ്ഥാനിലെ ആകെ കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകൾ നിലവിൽ ലഭ്യമല്ല. എന്നാൽ, ജൂലായിൽ കണക്കുകൾ പ്രകാരം 1.4 ലക്ഷത്തിലധികം യൂട്യൂബ് ചാനലുകൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഗൂഗിൾ വ്യക്തമാക്കിയിരുന്നു.
സർക്കാർ അധിക വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ മേഖലയിൽ നിന്നുള്ള വരുമാനവും നികുതി പരിധിയിൽ കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.ഡിജിറ്റൽ മേഖലയിലൂടെ കിട്ടുന്ന വരുമാനം നികുതിയുടെ പരിധിയിൽ കൊണ്ടുവന്നാൽ രാജ്യത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്നാണ് പാക് സർക്കാർ പ്രതീക്ഷിക്കുന്നത്. ബ്രാൻഡ് പ്രമോഷന്റെ ഭാഗമായി ലഭിക്കുന്ന സൗജന്യ ഉൽപ്പന്നങ്ങളും സമ്മാനങ്ങളും വരുമാനമായി കണക്കാക്കി നികുതി ഈടാക്കും.



