എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം ; സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പേരിന് മാത്രമോ? യോഗ്യത ഇല്ലാത്തവരും അധ്യാപകരോ? മലയാളം വാർത്ത അന്വേഷണം
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലാണ് എയ്ഡഡ് സ്കൂളുകൾ. ആയിരക്കണക്കിന് അധ്യാപകരാണ് ഈ സ്ഥാപനങ്ങളിലൂടെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി രൂപപ്പെടുത്തുന്നത്. എന്നാൽ, ഈ അധ്യാപകരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിലും സർവീസ് വെരിഫിക്കേഷൻ നടത്തുന്നതിലും നിലവിലുള്ള രീതികൾ എത്രത്തോളം സുതാര്യവും കാര്യക്ഷമവുമാണെന്ന ചോദ്യം വലിയ രീതിയിൽ ചർച്ചചെയ്യപ്പെടുകയാണ്. ഗവൺമെന്റ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ കൃത്യമായ ബയോമെട്രിക് പരിശോധനകളും പി.എസ്.സി വഴിയുള്ള കർശനമായ സർവീസ് വെരിഫിക്കേഷനും നടക്കുമ്പോൾ, എയ്ഡഡ് മേഖലയിൽ ഈ ചുമതല പൂർണ്ണമായും വിദ്യാഭ്യാസ വകുപ്പിലെ താഴെത്തട്ടിലുള്ള ഓഫീസുകളിലാണ് നിക്ഷിപ്തമായിരിക്കുന്നത്.
സംസ്ഥാന ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ശമ്പളമായി കൈപ്പറ്റുന്ന തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നവരുടെ വെരിഫിക്കേഷൻ ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്ക് വിടേണ്ടത് പൊതുവിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.നിലവിൽ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പരിശോധിക്കുന്നത് അതത് ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളാണ് (AEO/DEO). എന്നാൽ അമിതമായ ജോലിഭാരവും മറ്റ് ഭരണപരമായ ഉത്തരവാദിത്തങ്ങളും കാരണം പലപ്പോഴും ഇത്തരം ഓഫീസുകളിൽ വെരിഫിക്കേഷൻ പ്രക്രിയകൾ ദീർഘകാലം നീണ്ടുപോവുകയോ കേവലം ഒരു സാങ്കേതിക നടപടിക്രമമായി മാറുകയോ ചെയ്യുന്നു.
മറ്റ് സംസ്ഥാനങ്ങളിലെ വ്യാജ സർവ്വകലാശാലകളിൽ നിന്നും വിദൂരവിദ്യാഭ്യാസം വഴിയും നേടിയെടുത്ത വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് എയ്ഡഡ് സ്കൂളുകളിൽ ജോലിയിൽ പ്രവേശിച്ച നിരവധി സംഭവങ്ങൾ മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എ.ഇ.ഒ, ഡി.ഇ.ഒ ഓഫീസുകൾക്ക് ഇത്തരം സർട്ടിഫിക്കറ്റുകളുടെ ആധികാരികത സമഗ്രമായി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സാങ്കേതിക സംവിധാനങ്ങളോ പ്രത്യേക അന്വേഷണ വിഭാഗമോ ഇല്ലെന്നതാണ് ഇതിന്റെ പ്രധാന കാരണം.ഇവിടെയാണ് പബ്ലിക് സർവീസ് കമ്മീഷന്റെ (PSC) വെരിഫിക്കേഷൻ സംവിധാനത്തിന്റെ പ്രസക്തി വർധിക്കുന്നത്. വൺ-ടൈം രജിസ്ട്രേഷൻ പ്രൊഫൈൽ, വിരലടയാളം, ഫോട്ടോ എന്നിവ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധനയാണ് പി.എസ്.സി നടത്തുന്നത്. കൂടാതെ സർവ്വകലാശാലകളുമായി നേരിട്ട് ബന്ധപ്പെട്ട് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സത്യാവസ്ഥ നിമിഷങ്ങൾക്കകം ഉറപ്പാക്കാൻ ശേഷിയുള്ള കേന്ദ്രീകൃത ഡാറ്റാബേസും പി.എസ്.സിക്കുണ്ട്.
എയ്ഡഡ് അധ്യാപകരുടെ സർവീസ് വെരിഫിക്കേഷൻ പി.എസ്.സിക്ക് നൽകുന്നതിലൂടെ ഇത്തരം വ്യാജ നിയമനങ്ങളും ആൾമാറാട്ടങ്ങളും പൂർണ്ണമായി തടയാൻ സാധിക്കും. നിയമനാധികാരം സ്കൂൾ മാനേജ്മെന്റുകൾക്ക് തന്നെ നിലനിർത്തിക്കൊണ്ടുതന്നെ, അവർ സമർപ്പിക്കുന്ന അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന മാത്രം പി.എസ്.സിയുടെ പ്രത്യേക വിംഗിന് കൈമാറാൻ നിയമപരമായ തടസ്സങ്ങളൊന്നുമില്ല.പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭീമമായ തുക ശമ്പളമായി നൽകുന്ന ഒരു മേഖലയിൽ പൂർണ്ണമായ സുതാര്യത ഉറപ്പുവരുത്താൻ സർക്കാരിന് ബാധ്യതയുണ്ട്.
എയ്ഡഡ് സ്കൂളുകളിലെ യോഗ്യതയുള്ള അധ്യാപകർക്ക് അർഹമായ അംഗീകാരം ലഭിക്കാനും, വ്യാജരേഖകളിലൂടെ അനർഹർ ക്ലാസ് മുറികളിലേക്ക് എത്തുന്നതിലൂടെ കുട്ടികളുടെ ഭാവി അപകടത്തിലാകുന്നത് തടയാനും പി.എസ്.സി വെരിഫിക്കേഷൻ അനിവാര്യമാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിടുന്ന സർക്കാർ, എയ്ഡഡ് അധ്യാപകരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പി.എസ്.സിക്ക് കൈമാറിക്കൊണ്ട് ഈ രംഗത്തെ ഏറ്റവും വലിയ സുതാര്യത ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്.



