രണ്ട് തവണ വിഷമരുന്ന് കുത്തിവെച്ചിട്ടും മരിച്ചില്ല! അത്ഭുതകരമായി ക്രിസ്റ്റ സംസാരിച്ചു, പിന്നെ നടന്നും കാണിച്ചു!

വാഷിങ്ടൺ: വധശിക്ഷ നടപ്പാക്കുന്നതിനിടെ രണ്ട് ഡോസ് മാരകമരുന്ന് നൽകിയിട്ടും മരിക്കാതെ ആശുപത്രിയിലെത്തിച്ച അമേരിക്കയിലെ ടെന്നസി സ്വദേശിനി ക്രിസ്ത പൈക്ക് വീണ്ടും ബോധം വീണ്ടെടുത്തു. സെപ്റ്റംബർ 30ന് നടന്ന വധശിക്ഷാ ശ്രമത്തിന് പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 50കാരി ഇപ്പോൾ സംസാരിക്കാൻ തുടങ്ങിയതായി അഭിഭാഷകർ അറിയിച്ചു. എന്നാൽ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്.

ബോധം വീണ്ടെടുത്തപ്പോൾ “ഞാൻ എവിടെയാണ്?” എന്നായിരുന്നു പൈക്കിന്റെ ആദ്യ ചോദ്യമെന്ന് അഭിഭാഷകർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അവർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണെന്നും കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടെന്നും അഭിഭാഷകർ വ്യക്തമാക്കി.

1995ൽ 19കാരിയായ സഹപാഠി കോളീൻ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് പൈക്കിന് വധശിക്ഷ വിധിച്ചത്. നാഷ്‌വില്ലെയിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനിൽ പെന്റോബാർബിറ്റൽ രണ്ട് തവണ നൽകിയെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതോടെ പൈക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചികിത്സയ്ക്കിടെ കൈകളിലെ ഗുരുതര വീക്കം, രക്തക്കട്ട, ന്യൂമോണിയ തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടതായി അഭിഭാഷകർ അറിയിച്ചു. ഒരു ഘട്ടത്തിൽ മസ്തിഷ്കമരണം സംഭവിച്ചതായി കരുതിയിരുന്നെങ്കിലും പിന്നീട് അപ്രതീക്ഷിതമായി ബോധം വീണ്ടെടുത്ത് സംസാരിക്കുകയായിരുന്നു. ഇപ്പോഴും കൈകളും വിരലുകളും ശരിയായി ചലിപ്പിക്കാനാകാത്ത അവസ്ഥയിലാണെന്നും ഭക്ഷണം കഴിക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകർ പറയുന്നു.

വധശിക്ഷാ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട സിറിഞ്ചുകൾ, മരുന്നുകൾ, കുത്തിവെപ്പ് സംവിധാനങ്ങൾ, മെഡിക്കൽ രേഖകൾ, സന്ദേശങ്ങൾ തുടങ്ങിയ തെളിവുകൾ സംരക്ഷിക്കാൻ ടെന്നസി കോടതി ഉത്തരവിട്ടിട്ടുണ്ട്. വധശിക്ഷാ നടപടികളിലെ രഹസ്യസ്വഭാവം ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്നും പൈക്കിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടു.

സംഭവത്തിന് പിന്നാലെ ടെന്നസി ഗവർണർ ബിൽ ലീ 2026ലെ ശേഷിക്കുന്ന വധശിക്ഷകൾ നിർത്തിവയ്ക്കുകയും നടപടിക്രമങ്ങൾ പരിശോധിക്കാൻ മൂന്നാംകക്ഷി അവലോകനം പ്രഖ്യാപിക്കുകയും ചെയ്തു. പൈക്കിന്റെ വധശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റണമെന്ന ആവശ്യവും അഭിഭാഷകർ വീണ്ടും ഉന്നയിച്ചിട്ടുണ്ട്.

രണ്ട് ഡോസ് മാരകമരുന്ന് നൽകിയിട്ടും വധശിക്ഷ നടപ്പാകാതെ പോയ സംഭവം ടെന്നസിയിലെ വധശിക്ഷാ നടപടികളെക്കുറിച്ച് നിയമപരവും മാനുഷികവുമായ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button