നാലാം റൗണ്ടിൽ തന്നെ ‘കം ബാക്ക്’; ബൽറാമിന്റെ പോസ്റ്റ് വൈറൽ, സെൽഫിയിൽ രാജേഷും

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കെ തൃത്താല മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം ലീഡ് നേടി മുന്നിൽ നിൽക്കുന്നു. നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തന്നെ ബൽറാം തന്റെ മുന്നേറ്റം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് ശ്രദ്ധേയമായി.
‘കം ബാക്ക്, താങ്ക്യു തൃത്താല’ എന്ന കുറിപ്പോടെയാണ് ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. ഇതിനൊപ്പം എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ എം.ബി. രാജേഷിനൊപ്പം നിന്നുള്ള സെൽഫിയും പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ രാജേഷ് കണക്കുകൂട്ടുന്നതായി കാണാം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുൻപ് തന്നെ തോൽവി സമ്മതിച്ച് ബൽറാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇത്തവണ വോട്ടെണ്ണൽ തുടക്കഘട്ടത്തിൽ തന്നെ ‘കം ബാക്ക്’ സന്ദേശം പങ്കുവെച്ചത് ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ തവണ എം.ബി. രാജേഷ് പിടിച്ചെടുത്ത തൃത്താല മണ്ഡലത്തിലാണ് ഇത്തവണ ശക്തമായ പോരാട്ടം നടക്കുന്നത്. എൽഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും യുഡിഎഫിന് ഗുണകരമാകുമെന്നായിരുന്നു വിലയിരുത്തൽ. ബൽറാമും രാജേഷും തമ്മിലുള്ള കടുത്ത മത്സരം തുടരുന്നതിനിടെ ആദ്യഘട്ടത്തിൽ യുഡിഎഫിന് മുൻതൂക്കം ലഭിച്ചിരിക്കുകയാണ്.



