തിരുവനന്തപുരം മൃഗശാല നഗരത്തിന് പുറത്തേക്ക് മാറ്റണം; മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്തുണയുമായി കെ.എസ്. ശബരീനാഥൻ

തിരുവനന്തപുരം മൃഗശാല നഗരമധ്യത്തില്‍ നിന്ന് മാറ്റിസ്ഥാപിക്കണമെന്ന നിർദേശത്തെ പിന്തുണച്ച് യു.ഡി.എഫ്. കൗണ്‍സിലര്‍ കെ.എസ്. ശബരീനാഥന് രംഗത്ത്. നഗരം വളർന്നതോടെ നിലവിലെ സൗകര്യക്കുറവ് മൃഗങ്ങളെയും സന്ദർശകരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച ഈ ആശയം പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
നേപ്പിയര്‍ മ്യൂസിയം ഇവിടെതന്നെ നിലനിര്‍ത്തികൊണ്ട് മൃഗശാലയെ മാത്രം മാറ്റിസ്ഥാപിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം നിർദേശിക്കുന്നു. ആന പരിപാലനകേന്ദ്രം, ലയണ്‍ സഫാരി പാര്‍ക്ക്, ഡിയര്‍ പാര്‍ക്ക് എന്നിവയ്ക്കായി കോട്ടുര്‍ അഗസ്ത്യ വനമേഖലയോ തിരുവനന്തപുരം-പൊന്മുടി റൂട്ടില്‍ വിതുരയോ കല്ലാറോ തിരഞ്ഞെടുക്കാം. ഇത് പ്രദേശത്തെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം മൃഗങ്ങള്‍ക്ക് വനാതിര്‍ത്തിയില്‍ സ്വന്തം ആവാസവ്യവസ്ഥയോട് ചേർന്ന് ജീവിക്കാനും സഹായകരമാകും.
മൃഗശാല ഇപ്പോൾ സ്ഥിതിചെയ്യുന്ന പ്രദേശം മാറ്റിയതിന് ശേഷം അവിടെ വമ്പന്‍ കെട്ടിട്ടങ്ങള്‍ നിർമ്മിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പകരം ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്ക് മാതൃകയില്‍ ആ പ്രദേശം ഒരു പച്ചതുരുത്തായി നിലനിര്‍ത്തണമെന്നാണ് കെ.എസ്. ശബരീനാഥൻ മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശം.



