മോദിക്ക് 76-ാം പിറന്നാൾ; ആശംസകളുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തിൽ ആശംസകളുമായി ലോക നേതാക്കൾ. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എന്നിവർ മോദിക്ക് പിറന്നാൾ ആശംസകൾ നേർന്നു. തങ്ങളുടെ രാജ്യങ്ങളുമായി ഇന്ത്യയുടെ സൗഹൃദ ബന്ധം കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്നും ലോകനേതാക്കൾ വ്യക്തമാക്കി.

ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം തുടരുകയാണെന്ന് ജോർജിയ മെലോണി എക്സിൽ കുറിച്ചു. ‘എന്റെ സുഹൃത്തായ നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ആരോഗ്യവും ഉന്മേഷവും വിജയവും ആശംസിക്കുന്നു,’ മെലോനി കുറിച്ചു. ഇരുരാജ്യങ്ങളും സഹകരണത്തിന്റെയും സമൃദ്ധിയുടെയും പുതിയൊരു ഭാവി കെട്ടിപ്പടുക്കുകയാണെന്നും മെലോണി കൂട്ടിച്ചേർത്തു.

ഇന്ത്യയെ ലോകശക്തിയാക്കി മാറ്റിയതിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വം നിർണായകമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രശംസിച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള പങ്കാളിത്തം മുൻപെങ്ങുമില്ലാത്തവിധം ശക്തമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. റഷ്യയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ മോദി നൽകിയ സംഭാവനകളെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അഭിനന്ദിച്ചതായി റഷ്യൻ എംബസി അറിയിച്ചു. രാഷ്ട്രത്തലവൻമാർക്ക് പുറമെ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു.

അദ്ദേഹത്തിന്റെ 25 വർഷത്തെ പൊതുസേവനവും സുസ്ഥിര വികസനത്തിനായുള്ള സംഭാവനകളും രാഷ്ട്രപതി പ്രത്യേകം എടുത്തുപറഞ്ഞു.ഗുജറാത്തിലെ മെഹ്സാനയിൽ 1950ൽ ജനിച്ച നരേന്ദ്ര മോദി, 2014 മേയ് 26നാണ് ആദ്യമായി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബർ17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി ‘സേവ സങ്കൽപ്പ് അഭിയാൻ’ പരിപാടികൾക്ക് ബിജെപി തുടക്കം കുറിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button