കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ലക്ഷ്യം തെളിയിക്കൽ പ്രയാസം; ധനരാജ് വധക്കേസിൽ ശിക്ഷ ഉറപ്പായത് ആശ്വാസമെന്ന് പ്രതികരണം

കണ്ണൂർ: സി വി ധനരാജ് വധക്കേസിൽ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരിച്ച് പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണൻ. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതും അവർക്ക് ശിക്ഷ ഉറപ്പായതും ആശ്വാസം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കേസിൽ വെറുതേവിട്ട 16 പ്രതികളുടെ കാര്യത്തിൽ വിധിപ്പകർപ്പ് പൂർണമായും പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാൻ പ്രോസിക്യൂഷൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിധിപ്പകർപ്പ് പരിശോധിച്ചാലേ ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം പറയാൻ സാധിക്കൂ. ഒന്നാം സാക്ഷി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനുമായതിനാൽ, രാഷ്ട്രീയക്കാരൻ എന്ന നിലയിൽ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചതെന്നാണ് മനസിലാക്കുന്നത്.
ഗൂഢാലോചനക്കുറ്റം നിയമപരമായി തെളിയിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കൃത്യമായ രേഖാപരമായ തെളിവുകളോ ദൃക്സാക്ഷി മൊഴികളോ ഇതിന് അനിവാര്യമാണ്. ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ല എന്നതുകൊണ്ട് മാത്രം ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറയാൻ കഴിയില്ല. കോടതിക്ക് മുന്നിൽ ലഭ്യമായ വിശ്വാസയോഗ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ.
നേരത്തേ അരിയിൽ ഷുക്കൂർ വധക്കേസിലും ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെന്ന് പറഞ്ഞാണ് പി ജയരാജൻ, ടിവി രാജേഷ് എന്നിവരെ കോടതി വെറുതേവിട്ടത്. കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന സംഭവങ്ങളിൽ കൊലയ്ക്ക് പിന്നിലെ ലക്ഷ്യം തെളിയിക്കുക പ്രയാസമാണ്. ഗൂഢാലോചന തെളിഞ്ഞാൽ മാത്രമേ ലക്ഷ്യവും കൃത്യമായി തെളിയിക്കാനാകൂ. എന്നാൽ ധനരാജ് കൊല്ലപ്പെട്ടിട്ടുണ്ടെന്നും കൊലപ്പെടുത്തിയ പ്രതികൾ ശിക്ഷിക്കപ്പെടേണ്ടവരാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്’ – വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.



