കാലടി സർവകലാശാലാ വിദ്യാർഥികൾക്ക് ആശ്വാസം; സസ്‌പെൻഷൻ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ റദ്ദാക്കി ഹൈക്കോടതി. ഇവർക്ക് പരീക്ഷ എഴുതാനുള്ള അനുമതിയും ഹൈക്കോടതി നൽകി. വിസിയെ കയ്യേറ്റം ചെയ്തുവെന്ന പേരിൽ കഴിഞ്ഞ സെപ്തംബർ ഒൻപതിനാണ് 14 വിദ്യാർത്ഥികളെ അച്ചടക്ക നടപടിയുടെ ഭാഗമായി സർവകലാശാല സസ്‌പെൻഡ് ചെയ്തത്. നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് കോടതി സസ്‌പെൻഷൻ റദ്ദാക്കിയത്. സസ്‌പെൻഷനെ തുടർന്നുണ്ടായ അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോർട്ടും റദ്ദാക്കി. പകരം പുതിയ അന്വേഷണം നടത്താൻ ഉത്തരവിട്ടു.

സസ്പെൻഡ് ചെയ്ത വിദ്യാ‌ർത്ഥികൾക്കായി സർവകലാശാല പ്രത്യേക പരീക്ഷ നടത്തണമെന്ന് കോടതി നിർദേശിച്ചു. കോടതി വിധിയെത്തുടർന്ന് വിദ്യാർത്ഥികൾ നിരാഹാര സമരം അവസാനിപ്പിച്ചു. 22 ദിവസമാണ് വിദ്യാർത്ഥികൾ നിരാഹാരമിരുന്നത്. സമരപ്പന്തലിൽ മന്ത്രി റോജി എം ജോണിനെതിരെ മുദ്രാവാക്യം വിളികൾ ഉയർന്നു.മൂന്ന് മാസം സസ്‌പെൻഡ് ചെയ്തിട്ടും ഇനിയെന്തിനാണ് മാപ്പ് എന്ന് കഴിഞ്ഞദിവസം വിദ്യാർത്ഥികളുടെ ഹർജി പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു.

സസ്‌പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി തേടിയുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 60 ദിവസം കഴിഞ്ഞില്ലേ? 60 ദിവസം കുട്ടികൾ പ്രയാസം അനുഭവിച്ചില്ലേ. ഇനിയും എന്താണ് ചെയ്യേണ്ടത്? കുട്ടികൾ ബുദ്ധിമുട്ടിക്കഴിഞ്ഞു. പ്രതിഷേധങ്ങളെ കോടതി പൂർണമായും അംഗീകരിക്കുകയല്ല. അവർ ചെയ്തത് ന്യായീകരിക്കാനാവുന്നതാണെന്ന് പറയുന്നില്ല. ഇപ്പോഴത്തെ രാഷ്ട്രീയക്കാർ കുട്ടിക്കാലത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button