ആൾക്കൂട്ടത്തിൽ ഒറ്റയ്ക്ക്; മിസ് യൂണിവേഴ്സ് വേദിയിൽ പാകിസ്ഥാനെ പിന്തുണയ്ക്കാനെത്തിയത് ഒരേയൊരു പാകിസ്ഥാനി!

മുംബയ്: മിസ് യൂണിവേഴ്സ് 2026 സൗന്ദര്യമത്സരവേദിയിലെ പാകിസ്ഥാനി കണ്ടന്റ് ക്രിയേറ്ററുടെ വീഡിയോ വൈറലാവുന്നു. പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന മത്സരത്തിൽ പാകിസ്ഥാനെ പ്രതിനിധീകരിക്കുന്ന മിസ് യൂണിവേഴ്സ് പാകിസ്ഥാൻ മിസ്ബ അർഷദിനെ പിന്തുണയ്ക്കാനെത്തിയ കണ്ടന്റ് ക്രിയേറ്റർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്.
‘ഖദംകെപി’ എന്ന അക്കൗണ്ടിൽ നിന്ന് കറാച്ചി സ്വദേശിനിയായ കണ്ടന്റ് ക്രിയേറ്ററാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മിസ്ബ വേദിയിലെത്തുമ്പോൾ ആർപ്പുവിളിക്കുന്നതിന്റെ വീഡിയോ ആണ് യുവതി പങ്കുവച്ചിരിക്കുന്നത്. ‘മിസ് യൂണിവേഴ്സ് പ്യൂർട്ടോ റിക്കോയിലെ ആൾക്കൂട്ടത്തിൽ, പാകിസ്ഥാനി വേഷത്തിൽ, മിസ് യൂണിവേഴ്സ് പാകിസ്ഥാനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്ന ഒരേയൊരു പാകിസ്ഥാനി’- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
താങ്കളുടെ പിന്തുണയ്ക്ക് ഏറെ നന്ദിയെന്ന് മിസ്ബയും വീഡിയോയിൽ കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.മിസ്ബ സൈക്കോളജി വിദ്യാർത്ഥിനിയാണ്. 2023ൽ ജപ്പാനിൽ നടന്ന മിസ് ഇന്റർനാഷണൽ മത്സരത്തിലും മിസ്ബ പാകിസ്ഥാനെ പ്രതിനിധീകരിച്ചിരുന്നു. മോഡലിംഗിലും മിസ്ബ സജീവമാണ്. വിദ്യാഭ്യാസത്തിലൂടെയാണ് പെൺകുട്ടികളെ ശാക്തീകരിക്കേണ്ടതെന്ന് മിസ്ബ പറയുന്നു. നവംബർ 24ന് പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലാണ് 75ാമത് മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ നടക്കുന്നത്.



