മരണവീടിന് സമീപം പടക്കം പൊട്ടിച്ചത് തർക്കമായി; കോഴിക്കോട്ട് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്!

കോഴിക്കോട്: നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്. നാദാപുരം തൂണേരിയിൽ ഇന്നലെയായിരുന്നു സംഭവം. പേരോട് സ്വദേശിയായ വരനും സംഘവും തൂണേരിയിലെ വധുവിന്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചും ബാന്റ്മേളം സംഘടിപ്പിച്ചും ആഘോഷം നടത്തിയതാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്.

പടക്കം പൊട്ടിച്ച വരന്റെ സുഹൃത്തുക്കളെ വധുവിന്റെ വീട്ടിലുണ്ടായിരുന്ന നാട്ടുകാർ തടയുകയായിരുന്നു. വധുവിന്റെ വീടിന് സമീപം മരണം നടന്ന വീടുണ്ടെന്നും അതിനാൽ ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കണമെന്നും നാട്ടുകാർ നേരത്തേ വരന്റെ കൂട്ടുകാരോടും മറ്റും ആവശ്യപ്പെട്ടിരുന്നു. ഇത് അവ​ഗണിച്ചും പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയതാണ് കൈയാങ്കളിയിലേക്കും കൂട്ടത്തല്ലിലേക്കും നയിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം പൊലീസ് ഇടപെട്ടാണ് സ്ഥിതി​ഗതികൾ ശാന്തമാക്കിയത്. തുടർന്ന് മഹല്ല് കമ്മിറ്റി ഉൾപ്പെടെ ചർച്ച നടത്തി ഒത്തുതീർപ്പിലെത്തുകയും ചെയ്‌തു. സംഭവത്തിൽ ആർക്കും പരാതി ഇല്ലാത്തതിനാലും ഇരുകൂട്ടരും ചർച്ച നടത്തി പ്രശ്‌നം പരിഹരിച്ചതിനാലും പൊലീസ് കേസെടുത്തിട്ടില്ല. കഴിഞ്ഞയാഴ്‌ചയും നാദാപുരത്ത് വിവാഹചടങ്ങിനിടെ സംഘർഷമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button