സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; ഇന്ന് പവന് ആയിരം രൂപയോളം വർധന, പുതിയ നിരക്കുകൾ അറിയാം

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കൂടി. ഏറെ നാളത്തെ വില ഇടിവിന് ശേഷം ഇന്നലെയും സ്വർണവില കൂടിയിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 920 രൂപ വർദ്ധിച്ച് 93,720 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 115 രൂപ ഉയർന്ന് 11,715 രൂപയായി. അതേസമയം, ഇന്ന് കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 175 രൂപയിൽ തുടരുകയാണ്.
ഇന്നലെയും ഇന്നും വില കൂടിയതോടെ സ്വർണം വാങ്ങാനിരുന്നവർക്ക് ആശങ്കയായി. വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. ഡിസംബർ ആദ്യവാരത്തിൽ നേരിയ വിലക്കുറവ് പ്രതീക്ഷിക്കുന്നുണ്ട്. നവംബർ മാസത്തിൽ മാത്രം 15,000 രൂപയോളം പവന് കുറഞ്ഞിരുന്നു.ഇതോടെ പലരും അഡ്വാൻസ് ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തിയെന്നാണ് ജുവലറി ഉടമകൾ പറയുന്നത്. എന്നാൽ, ഇനിയും വില കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് തിരിച്ചടിയായി. സ്വർണവിലയിൽ വൻ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഇടയ്ക്ക് വില കുറഞ്ഞാലും നേരിയ തോതിൽ വീണ്ടും വില ഉയർന്നേക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്
സ്വർണം പണയം വച്ചവർക്ക് വിലകൂടുന്നത് ആശ്വാസം നൽകുന്ന വാർത്തയാണ്. സ്വർണത്തിന്റെ മൂല്യം കുറഞ്ഞതോടെ ഉയർന്ന നിരക്കിൽ സ്വർണം പണയം വച്ചവർക്ക് ബാങ്കുകളിൽ നിന്ന് മെസേജുകളും കത്തും കിട്ടുന്നുണ്ടായിരുന്നു. വായ്പാ പരിധി കവിഞ്ഞതോടെ അധിക തുകയോ കൂടുതൽ സ്വർണമോ പണയത്തിലേക്ക് നൽകണമെന്നായിരുന്നു ബാങ്കുകളുടെ ആവശ്യം.



