അഫ്‌സൽ ലഹരിക്കേസിലെ പ്രതി; മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തുംമുമ്പ് വൃത്തിയാക്കി, ബന്ധുവിന്റെ വെളിപ്പെടുത്തൽ

കൊല്ലം: ഇരവിപുരത്ത് സായയെ (26) ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഫ്‌സലിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി ബന്ധുവായ യുവതി. അഫ്‌സൽ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടയാളാണെന്നും ഭർതൃവീട്ടിൽ സായ ക്രൂരമായ മാനസിക പീഡനം നേരിട്ടിരുന്നതായും ബന്ധു വെളിപ്പെടുത്തി.

അഫ്‌സലുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുപറയാതിരിക്കാൻ ഭർതൃവീട്ടുകാർ സായയെ നിർബന്ധിച്ചിരുന്നു. ഭർത്താവിന്റെ അമ്മയും സായയെ കടുത്ത സമ്മർദത്തിലാക്കിയിരുന്നു. സുഹൃത്തുക്കളോട് സംസാരിക്കുന്നതിന് പോലും അവൾക്ക് വിലക്കുണ്ടായിരുന്നു. സായയുടെ മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ വൃത്തിയാക്കിയത് എന്തിനാണെന്ന് അന്വേഷിക്കണമെന്നും ബന്ധു ആവശ്യപ്പെട്ടു.

ഇരവിപുരം ഭരണിക്കാവ് സ്വദേശികളായ ഷാജി – നിഹാന ദമ്പതികളുടെ മകളായ സായയെ ഒക്‌ടോബർ 31ന് രാത്രിയാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം നടന്ന ദിവസം വൈകിട്ട് നാല് മണിയോടെ വീട്ടിൽ ബഹളം നടന്നിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.

സായയുടെ മുറിയിൽ നിന്നും പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു. തന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്‌ക്കണമെന്നും ഭർത്താവിനോട് സ്‌നേഹം മാത്രമേയുള്ലു എന്നുമാണ് കുറിപ്പിലുള്ലത്. എന്നാൽ, മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി സായയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2023 ജനുവരി 15നായിരുന്നു പത്തനാപുരം സ്വദേശിയായ സായയും മാടൻനട സ്വദേശി അഫ്‌സലും തമ്മിലുള്ള വിവാഹം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button