മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ; മുൻ സർക്കാർ നിയമനങ്ങളിൽ മാറ്റം, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. കർഷകർക്ക് കുടിശ്ശിക തുക എത്രയും വേഗം വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിവിധ തീരുമാനങ്ങൾ വിശദീകരിച്ചത്. തൃശൂർ മുണ്ടത്തിക്കോട് പടക്കനിർമാണശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നവീൻ ബാബുവിന്റെ മകൾക്ക് പ്രത്യേക കേസായി പരിഗണിച്ച് ആശ്രിത നിയമനം നൽകാൻ റവന്യൂ വകുപ്പിന് മന്ത്രിസഭ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകളിലും കോർപ്പറേഷനുകളിലും മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായി ഇപ്പോഴും തുടരുന്ന ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും നിയമാനുസൃത നടപടികളിലൂടെ സ്ഥാനങ്ങളിൽ നിന്ന് മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒഴിവാകുന്ന തസ്തികകളിലേക്ക് പിന്നീട് പുതിയ നിയമനങ്ങൾ നടത്തും.

സംസ്ഥാനത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഈ മാസം 10 മുതൽ ജൂലൈ 31 വരെ 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിസഭയുടെ വിവിധ തീരുമാനങ്ങൾ സംസ്ഥാനത്തെ കർഷകരെയും മത്സ്യത്തൊഴിലാളികളെയും ബാധിക്കുന്ന സുപ്രധാന നടപടികളായാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button