ആലപ്പുഴ സംഭവത്തിൽ ഗൺമാൻമാർക്ക് തിരിച്ചടി; നിർണായക മൊഴിയുമായി ഹെഡ്ക്വാർട്ടേഴ്സ് ഉന്നത ഉദ്യോഗസ്ഥൻ

കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ പ്രതികളായ ഗൺമാന്മാർക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി.

ഗൺമാന്മാർക്ക് ലാത്തി അനുവദിച്ചിട്ടില്ലെന്നും അവർ ഉപയോഗിച്ചത് പൊലീസ് വക വടിയല്ലെന്നും പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഉന്നത ഉദ്യോഗസ്ഥൻ മൊഴി നൽകി. ഗൺമാന്മാർക്ക് അനുവദിച്ചിരിക്കുന്നത് തോക്കുകൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ ഉപയോഗിച്ച വടി ഗൺമാന്മാർ സ്വന്തമായി വാങ്ങിയതാണെന്നും, അത് പൊലീസ് മാനുവലിന് വിരുദ്ധമാണെന്നും മൊഴിയിൽ പറയുന്നു.

പൊലീസ് മാനുവൽ പ്രകാരം ലാത്തിയുടെ നീളം 32 ഇഞ്ച് മാത്രമായിരിക്കണം. എന്നാൽ സംഭവത്തിൽ ഉപയോഗിച്ച വടി അതിനേക്കാൾ നീളം കൂടിയതാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടിൽ വകുപ്പുകൾ ചുമത്തിയത് വിദഗ്ധ ഉപദേശം തേടിയ ശേഷമാണെന്ന് എസ്ഐടി വ്യക്തമാക്കി. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന് 308 വകുപ്പ് ചുമത്തുന്നതിൽ വിവേചനാധികാരം ഉണ്ടെന്നും എസ്ഐടി വിശദീകരിച്ചു.

കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ബസിന് നേരെ കല്ലേറ് ഉണ്ടായെന്ന ആരോപണം ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ലെന്നും വ്യക്തമാക്കുന്നു. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മൊഴിയും പ്രതികൾക്കെതിരാണെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. ബസിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് മെക്കാനിക്കൽ എഞ്ചിനീയറുടെ റിപ്പോർട്ടിലും വ്യക്തമാണെന്നും അന്വേഷണ സംഘം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button