സർക്കാർ ധവളപത്രം വിലയിരുത്തി ബദൽ റിപ്പോർട്ട് ഇറക്കാൻ എൽഡിഎഫ് നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെ ബദൽ ധവളപത്രം ഇറക്കാനുള്ള നീക്കവുമായി എൽഡിഎഫ്. സർക്കാർ സമർപ്പിക്കുന്ന ധവളപത്രത്തിലെ കണക്കുകളും വിലയിരുത്തലുകളും പരിശോധിച്ച ശേഷമാകും തുടർ നടപടിയെന്ന് എൽഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.
കണക്കുകൾ അംഗീകരിക്കാൻ കഴിയാത്ത പക്ഷം ബദൽ ധവളപത്രം പുറത്തിറക്കാനാണ് തീരുമാനം. 2011-ൽ എൽഡിഎഫ് ഇതേ രീതിയിൽ ബദൽ ധവളപത്രം അവതരിപ്പിച്ചിരുന്നു.
മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തി ധവളപത്രം തയ്യാറാക്കിയത്. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (CDS) ഡയറക്ടർ ഡി. വീരമണി, മുൻ CDS ഡയറക്ടർ ഡി. നാരായണ എന്നിവർ സമിതിയിലെ അംഗങ്ങളാണ്. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സമിതിയുടെ കൺവീനറാണ്.
സംസ്ഥാനത്തിന്റെ കഴിഞ്ഞ പത്ത് വർഷത്തെ വരുമാന-ചെലവ് കണക്കുകൾ, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ, കേന്ദ്ര ഫണ്ടുകളുടെ വിനിയോഗം തുടങ്ങിയ വിഷയങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകൾക്കൊപ്പം പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങളും ധവളപത്രത്തിൽ ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന.
ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകും. ധവളപത്രം പുറത്തുവരുന്നതോടെ സംസ്ഥാനത്തിന്റെ ധനനയത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.



