നനഞ്ഞാലും കീറില്ല, പെട്ടെന്ന് കേടാകില്ല; 10, 20 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകളുമായി ഇന്ത്യ

ദില്ലി: രാജ്യത്ത് 10, 20 രൂപ മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ആദ്യഘട്ടത്തിൽ 10 രൂപയുടെയും 20 രൂപയുടെയും 100 കോടി വീതം പ്ലാസ്റ്റിക് നോട്ടുകളാണ് വിപണിയിലെത്തിക്കുക. ലോക്‌സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം അറിയിച്ചത്.
ആകെ 3,000 കോടി രൂപയുടെ പ്ലാസ്റ്റിക് നോട്ടുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുക. ഇവ നിലവിലുള്ള പേപ്പർ നോട്ടുകൾക്കൊപ്പം സമാന്തരമായി പ്രചാരത്തിലുണ്ടാകും. പേപ്പർ നോട്ടുകൾ പൂർണമായും പിൻവലിക്കാൻ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.
ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവയുൾപ്പെടെ 60-ഓളം രാജ്യങ്ങളിൽ പോളിമർ നോട്ടുകൾ ഇതിനകം ഉപയോഗത്തിലുണ്ട്. 1988-ൽ ഓസ്‌ട്രേലിയയാണ് ലോകത്ത് ആദ്യമായി പ്ലാസ്റ്റിക് കറൻസി നോട്ടുകൾ അവതരിപ്പിച്ചത്. ഇന്ത്യയിൽ പരീക്ഷണഘട്ടം പൂർത്തിയായ ശേഷം രാജ്യവ്യാപകമായി നടപ്പാക്കുന്ന കാര്യത്തിൽ റിസർവ് ബാങ്ക് അന്തിമ തീരുമാനം കൈക്കൊള്ളും.
പ്ലാസ്റ്റിക് നോട്ടുകളുടെ പ്രധാന ഗുണങ്ങൾ
- കൂടുതൽ ആയുസ്: പേപ്പർ നോട്ടുകളെ അപേക്ഷിച്ച് 2 മുതൽ 6 ഇരട്ടി വരെ കൂടുതൽ കാലം ഉപയോഗിക്കാം. വെള്ളം, ഈർപ്പം, പതിവ് ഉപയോഗം എന്നിവ മൂലം എളുപ്പത്തിൽ കേടാകില്ല.
- ചെലവ് കുറയും: അച്ചടി ചെലവ് തുടക്കത്തിൽ കൂടുതലായാലും ദീർഘകാലം നിലനിൽക്കുന്നതിനാൽ വീണ്ടും വീണ്ടും അച്ചടിക്കേണ്ട സാഹചര്യം കുറയും.
- പരിസ്ഥിതി സൗഹൃദം: പഠനങ്ങൾ പ്രകാരം ആഗോളതാപന സാധ്യതയും നിർമ്മാണത്തിനുള്ള ഊർജ ഉപഭോഗവും കുറയ്ക്കാൻ പോളിമർ നോട്ടുകൾ സഹായിക്കും.
- കൂടുതൽ സുരക്ഷ: വ്യാജനോട്ടുകൾ തടയാൻ സഹായിക്കുന്ന ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ കഴിയും.
- റീസൈക്കിൾ ചെയ്യാം: ഉപയോഗശൂന്യമായ ശേഷം മറ്റ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാക്കി പുനരുപയോഗിക്കാനും സാധിക്കും.



