പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി; ജാൻമണിക്കെതിരെ കേസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് മുൻ താരവുമായ ജാൻമണിക്കെതിരെ കേസ്. കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തത്.
നവ്യ ഹരിദാസ് നൽകിയ പരാതിയിലാണ് നടപടി. ബി.എൻ.എസ്. 192, 356(2), കേരള പൊലീസ് ആക്ട് 120(ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമൂഹത്തിൽ ലഹള സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ഉദ്ദേശത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തെന്നാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്.
സംഭവത്തിന് പിന്നാലെ ജാൻമണി വീഡിയോയിലൂടെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചല്ല പ്രസ്താവന നടത്തിയതെന്ന് അവർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല താൻ പറഞ്ഞതെന്നും, ഒരു കണ്ടന്റുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചതാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്നും ജാൻമണി വിശദീകരിച്ചു.
മലയാളം വ്യക്തമായി സംസാരിക്കാൻ കഴിയാത്തതിനാൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കാമെന്നും, തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കിൽ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും അവർ പറഞ്ഞു. ഗൂഗിളിൽ പരിശോധിച്ചപ്പോഴാണ് പറഞ്ഞ കാര്യത്തിൽ പിഴവുണ്ടായെന്ന് മനസ്സിലായതെന്നും, എന്തെങ്കിലും പറയുന്നതിന് മുമ്പ് കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ജാൻമണി വ്യക്തമാക്കി.



