വനിതാ പ്രിമിയര്‍ ലീഗ്: മുംബയ് ഇന്ത്യന്‍സ് ഫൈനലില്‍, എതിരാളികള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്

മുംബയ് :വിമണ്‍സ് പ്രീമിയര്‍ ലീഗ് എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ 47 റണ്‍സിന് തോല്‍പ്പിച്ച് മുംബയ് ഇന്ത്യന്‍സ് ഫൈനലിലെത്തി. ശനിയാഴ്ച മുംബയ്യില്‍ നടക്കുന്ന ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് മുംബയ്യുടെ എതിരാളികള്‍. ആദ്യ സീസണിലും ഈ രണ്ട് ടീമുകള്‍ തന്നെയാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്ന് ഡല്‍ഹിയെ വീഴ്ത്തി മുംബയ് കിരീടം ചൂടിയിരുന്നു. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ തോല്‍പ്പിച്ച് ആണ് ആര്‍സിബി വിമണ്‍സ് കപ്പ് നേടിയത്.

മുംബയ് ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന എലിമിനേറ്ററില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയപ്പോള്‍ ഗുജറാത്ത് 19.2 ഓവറില്‍ 166 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു.അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ ഹെയ്ലി മാത്യൂസിന്റേയും (77), നാറ്റ് ഷിവര്‍ ബ്രണ്ടിന്റേയും (77), അതിവേഗം 36 റണ്‍സ് നേടിയ ക്യാപ്ടന്‍ ഹര്‍മന്‍ പ്രീത് കൗറിന്റേയും മികവിലാണ് മുംബയ് ഈ സ്‌കോറിലെത്തിയത്. ഓപ്പണര്‍ യസ്തിക ഭാട്യ അഞ്ചാം ഓവറില്‍ ടീം സ്‌കോര്‍ 26ല്‍ നില്‍ക്കേ പുറത്തായശേഷമിറങ്ങിയ നാറ്റ് സിവര്‍ ബ്രെന്റ്, ഹെയ്ലി മാത്യൂസിനൊപ്പം 71 പന്തുകളില്‍ കൂട്ടിച്ചേര്‍ത്ത 133 റണ്‍സാണ് മുംബയ് ഇന്നിംഗ്‌സിന്റെ അടിത്തറയായത്.

17-ാം ഓവറില്‍ ക്രീസിലെത്തിയ ഹര്‍മന്‍പ്രീത് 12 പന്തുകളില്‍ രണ്ട് ഫോറുകളും നാലു സിക്‌സുകളും പായിച്ചാണ് 36 റണ്‍സ് നേടിയത്.ഹെയ്‌ലി 50 പന്തുകളില്‍ ഏഴുഫോറും മൂന്ന് സിക്‌സും പായിച്ചപ്പോള്‍ നാറ്റ് 41 പന്തുകളില്‍ 10 ഫോറും രണ്ട് സിക്‌സും പറത്തി. അവസാന പന്തിലാണ് ഹര്‍മന്‍ പുറത്തായത്. മലയാളി താരം സജന സജീവന്‍ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. മൂന്നുവിക്കറ്റുമായി ബൗളിംഗിലും തിളങ്ങിയ ഹെയ്ലി മാത്യൂസാണ് പ്‌ളേയര്‍ ഒഫ് ദ മാച്ച്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *