“ചിലർ കടിക്കും, മാന്തും”; സ്റ്റേജ് ജീവിതത്തിലെ ദുരനുഭവങ്ങൾ തുറന്ന് രഞ്ജിനി ഹരിദാസ്

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട അവതാരകയായ രഞ്ജിനി ഹരിദാസ്, സ്റ്റേജ് ഷോകളിൽ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ശ്രദ്ധ നേടുന്നു. 25 വർഷത്തെ അവതാരക ജീവിതത്തിനിടെ സന്തോഷകരമായ നിമിഷങ്ങൾ പോലെ തന്നെ ഭയപ്പെടുത്തുന്ന അനുഭവങ്ങളും നേരിട്ടിട്ടുണ്ടെന്ന് താരം വ്യക്തമാക്കി.
15-ാം വയസുമുതൽ സ്റ്റേജ് ഷോകൾ അവതരിപ്പിച്ചുവരുന്ന രഞ്ജിനി, വലിയ ജനക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നത് എത്ര ദുഷ്കരമാണെന്ന് അനുഭവത്തിലൂടെ മനസ്സിലായതായും പറഞ്ഞു. കോഴിക്കോട് നടന്ന ഒരു വൻ പരിപാടിക്കിടെ ഉണ്ടായ തിരക്കിലും കുട്ടികളെ കാണാതായ സംഭവങ്ങളും തനിക്കുണ്ടാക്കിയ മാനസിക സമ്മർദവും അവർ പങ്കുവെച്ചു.
ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികളെ കാണാതായപ്പോൾ സ്റ്റേജിൽ നിന്ന് പേരുവായിച്ച് പ്രഖ്യാപിക്കേണ്ടിവന്നതായും, ചിലർ അത് പരിഹാസമായി എടുത്ത് ശ്രദ്ധനേടാൻ ശ്രമിച്ചതായും രഞ്ജിനി പറഞ്ഞു. അത്തരം സാഹചര്യങ്ങളാണ് തനിക്ക് ദേഷ്യം വരാൻ കാരണമായതെന്നും അവർ കൂട്ടിച്ചേർത്തു.
മുൻപ് ഡീഗോ മറഡോണ പങ്കെടുത്ത ഒരു പരിപാടിക്കിടെ തിരക്കിനിടയിൽ ചിലർ കയ്യിൽ പിടിച്ച് വലിക്കാൻ ശ്രമിച്ച അനുഭവവും അവർ ഓർത്തെടുത്തു. ഒരിക്കൽ ഒരു ഉദ്ഘാടന ചടങ്ങിൽ എത്തിയപ്പോൾ പ്രേക്ഷകർക്കിടയിൽ നിന്നൊരാൾ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായും രഞ്ജിനി വെളിപ്പെടുത്തി. സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായി അവർ പറഞ്ഞു.
“ചിലർ കടിക്കും, മാന്തും, തെറി വിളിക്കും. അങ്ങനെ സംഭവിച്ചപ്പോഴാണ് സ്വയം സംരക്ഷിക്കാൻ പഠിച്ചത്. അതിനെയാണ് പലരും അഹങ്കാരമെന്ന് വിളിച്ചത്,” എന്ന് രഞ്ജിനി പറഞ്ഞു. നല്ല ആളുകൾക്കൊപ്പം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്ന ചെറിയ വിഭാഗവും എല്ലായിടത്തും ഉണ്ടെന്നും, അത്തരം അനുഭവങ്ങൾ തനിക്ക് നിരവധി തവണ നേരിട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
സ്റ്റേജ് ജീവിതത്തിൽ പല സംഭവങ്ങളും തനിക്കെതിരെ തെറ്റായ രീതിയിൽ പ്രചരിച്ചിരുന്നുവെന്നും, അന്നത്തെ പോലെ ഇന്നത്തെ ക്യാമറ ഫോണുകൾ ഉണ്ടായിരുന്നെങ്കിൽ യഥാർത്ഥ സത്യം പുറത്ത് വന്നേനെയെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.



