ഉർവിൽ പട്ടേൽ തീപ്പൊരി; അവസാന ഓവറിൽ ലക്നൗയെ വീഴ്ത്തി ചെന്നൈയുടെ ത്രില്ലർ ജയം

ചെന്നൈ: പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള നിര്‍ണായക മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ അഞ്ച് വിക്കറ്റിന്‍റെ ആവേശജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത് ലക്നൗ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ചെന്നൈ നാലു പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി മറികടന്നു. ഉര്‍വില്‍ പട്ടേലിന്‍റെ അതിവേഗ അര്‍ധസെഞ്ചുറി മികവില്‍ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ച ചെന്നൈക്ക് ഇടക്ക് അടിതെറ്റി. അവസാന മൂന്നോവറില്‍ 30 റണ്‍സും രണ്ടോവറില്‍ 21 റണ്‍സും അവസാന ഓവറില്‍10 റണ്‍സുമായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ലക്നൗവിനായി അവസാന ഓവര്‍ എറിഞ്ഞ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ ആദ്യ രണ്ട് പന്തുകളും വൈഡായപ്പോള്‍ അടുത്ത രണ്ട് പന്തുകളും സിക്സിന് പറത്തി ശിവം ദുബെ ചെന്നൈയെ വിജയവര കടത്തി. 2019നുശേഷം ആദ്യമായാണ് ചെന്നൈ ചെപ്പോക്കില്‍ 200ന് മുകളിലുള്ള ലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുന്നത്. ജയത്തോടെ 11 മത്സരങ്ങളില്‍ 12 പോയിന്‍റുമായി രാജസ്ഥാനെ പിന്തള്ളി ചെന്നൈ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയപ്പോള്‍ ലക്നൗ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായി. സ്കോര്‍ ലക്നൗ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 203-8, ചെന്നൈ സൂപ്പര്‍ കിംഗ്സ് 19.2 ഓവറില്‍ 208-5.
204 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈക്കായി സഞ്ജു സാംസണും ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ സഞ്ജു-റുതുരാജ് സഖ്യം 3.4 ഓവറില്‍ 45 റണ്‍സടിച്ചു. പ്രിന്‍സ് യാദവിനെയും ദിഗ്‌വേഷ് റാത്തിയെയും സിക്സിന് പറത്തിയ സഞ്ജു പക്ഷെ പവര്‍ പ്ലേ കടന്നില്ല. ദിഗ്‌വേഷ് റാത്തിയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങിയ സഞ്ജു 3 ഫോറും രണ്ട് സിക്സും പറത്തി 14 പന്തില്‍ 28 റണ്‍സെടുത്തു. എന്നാല്‍ യഥാര്‍ത്ഥ കൊടുങ്കാറ്റ് പിന്നീ ടായിരുന്നു ചെപ്പോക്ക് കണ്ടത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ഉര്‍വില്‍ പട്ടേല്‍ തകര്‍ത്തടിച്ചതോടെ ചെന്നൈ പവര്‍ പ്ലേയിലെ അവസാന രണ്ടോവറില്‍ മാത്രം 50 റണ്‍സെടുത്ത് 97 റണ്‍സിലെത്തി. 13 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഉര്‍വിലിന്‍റെ ബാറ്റിംഗ് മികവില്‍ 9 ഓവറില്‍ 125 റണ്‍സിലെത്തിയ ചെന്നൈക്ക് പത്താം ഓവറില്‍ ഷഹബാസ് അഹമ്മദ് രണ്ടാം പ്രഹമേല്‍പ്പിച്ചു.
8 സിക്സും രണ്ട് ഫോറും പറത്തി 23 പന്തില്‍ 65 റണ്‍സെടുത്ത ഉര്‍വിലിനെ ഷഹബാസിന്‍റെ പന്തില്‍ ആവേശ് ഖാന്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീട് അഞ്ചോവറില്‍ ചെന്നൈക്ക് ബൗണ്ടറികളൊന്നും നേടാനായില്ല. ഇതോടെ ചെന്നൈ സമ്മര്‍ദ്ദത്തിലായി. ഷഹബാസിനെതിരെ ബൗണ്ടറി നേടിയതിന് പിന്നാലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ്(28 പന്തില്‍ 42) ബൗള്‍ഡായി മടങ്ങി. ഡെവാള്‍ഡ് ബ്രെവിസ് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. ദിഗ്‌വേഷ് റാത്തിയുടെ പന്തില്‍ ബ്രെവിസ്(12 പന്തില്‍ 10) മടങ്ങി. റണ്‍നിരക്ക് ഉയര്‍ത്താനാവാതെ കാര്‍ത്തിക് ശര്‍മയും(20 പന്തില്‍ 20) വീണതോടെ ചെന്നൈ പതറിയെങ്കിലും പ്രശാന്ത് വീറും(12 പന്തില്‍ 18*), ശിവം ദുബെയും(7 പന്തില്‍ 15*) ചെന്നൈയെ വിജയവര കടത്തി. ലക്നൗവിനായി ദിഗ്‌വേഷ് റാത്തിയും ഷഹബാസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലക്നൗ ജോഷ് ഇംഗ്ലിസിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. 33 പന്തില്‍ 85 റണ്‍സടിച്ച ഓപ്പണര്‍ ജോഷ് ഇംഗ്ലിസാണ് ലക്നൗവിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഇംഗ്ലിസിനൊഴികെ മറ്റാര്‍ക്കും തിളങ്ങാനാവാതിരുന്ന മത്സരത്തില്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷഹബാസ് അഹമ്മദും(25 പന്തില്‍ 43*), ഹിമ്മത് സിംഗും(17) ചേര്‍ന്നാണ് ലക്നൗവിനെ 200 കടത്തിയത്.
പതിനഞ്ചാം ഓവറില്‍ 147-6 എന്ന നിലയില്‍ തകര്‍ന്നെങ്കിലും ഏഴാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഷഹബാസു ഹിമ്മത്തും ചേര്‍ന്ന് ലക്നൗവിനെ മികച്ച സ്കോറിലേക്ക് നയിച്ചു. ചെന്നൈക്കായി ജാമി ഓവര്‍ടൺ 36 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റെടുത്തു.



