സ്വർണവില ഇടിവിലേക്കോ? പവന് 3160 രൂപ കുറഞ്ഞതോടെ വിപണിയിൽ ചർച്ചകൾ സജീവം

കൊച്ചി: രാജ്യാന്തര വിപണിയിലെ തകർച്ചയെ തുടർന്ന് കേരളത്തിൽ സ്വർണവില കൂപ്പുകുത്തിയിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 3160 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,09,160 രൂപയായിരിക്കുകയാണ്. ഗ്രാമിന് 395 രൂപ കുറഞ്ഞ് 13,645 രൂപയായി. ഈ മാസത്തിൽ ഒരു തവണ മാത്രമാണ് സ്വർണ വിലയിൽ ഉയർച്ചയുണ്ടായത്. ബാക്കി എല്ലാ ദിവസങ്ങളിലും വില ഇടിയുന്ന ട്രെൻഡിലേക്ക് കടക്കുകയായിരുന്നു

ജൂൺ ഒന്നിനാണ് സ്വർണം ഏറ്റവും ഉയർന്ന് നിരക്കിൽ രേഖപ്പെടുത്തിയത്. അന്ന് വില 1,14,560 രൂപയായിരുന്നു. ഈ ഉയർച്ചയിൽ നിന്നാണ് വില കൂപ്പുകുത്തി താഴെ വീണത്. അന്താരാഷ്ട്ര വിപണികളിലെ തകർച്ച, ശക്തമായ യുഎസ് ഡോളർ, എണ്ണവില വർദ്ധനവ്, ഉയർന്ന പലിശനിരക്ക് എന്നിവയാണ് ഇതിന് കാരണം. ഇന്ന് രാവിലെ സ്വർണവില നിശ്ചയിക്കുന്ന സമയത്ത് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4342 ഡോളറായിരുന്നു.

ഓഗസ്റ്റ് മാസത്തെ എംസിഎക്സ് സ്വർണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 2,517 രൂപ അഥവാ 1.65 ശതമാനം കുറഞ്ഞ് 1,49,926 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ തവണ ഇത് 1,52,443 രൂപയായിരുന്നു. ആദ്യ വ്യാപാരത്തിൽ ചില നഷ്ടങ്ങൾ വീണ്ടെടുത്ത് 1.46 ശതമാനം കുറഞ്ഞ് 1,50,213 രൂപയിലാണ് വ്യാപാരം നടന്നത്.വരും ദിവസങ്ങളിൽ സ്വർണ വില ഇനിയും കുറയാൻ സാദ്ധ്യതയുണ്ട്.

നാളെ പുറത്തുവരാനിരിക്കുന്ന യുഎസിന്റെ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് ഡാറ്റയും ഫെഡറൽ റിസർവിന്റെ ധനനയപ്രഖ്യാപനങ്ങളും സ്വർണവിലയുടെ ഏറ്റക്കുറച്ചിലുകളെ നിയന്ത്രിക്കും. വില കുറയുന്ന ട്രെൻഡാണെങ്കിൽ ദീർഘകാലത്തേക്കായി നിക്ഷേപിക്കുന്നവർക്കും വിവാഹ ആവശ്യത്തിനായി സ്വർണം വാങ്ങുന്നവർക്കും അനുകൂല സാഹചര്യമായേക്കും.

വിപണി ചാഞ്ചാടുന്നു

ഇസ്രയേലിനെതിരെ ഇറാൻ കഴിഞ്ഞ ദിവസം ശക്തമായ ആക്രമണം നടത്തിയതും അമേരിക്കയിൽ പലിശ വർദ്ധിക്കുമെന്ന ആശങ്കയും തിങ്കളാഴ്ച ഓഹരി വിപണിയിൽ കനത്ത തിരിച്ചടി സൃഷ്ടിച്ചിരുന്നു. ഇറാനും അമേരിക്കയും സമാധാന കരാറിൽ ഒപ്പുവച്ചേക്കുമെന്ന പ്രതീക്ഷയിൽ ഇന്നലെ ഓഹരികൾ ശക്തമായി തിരിച്ചുകയറി. സെൻസെക്സ് ഇന്നലെ 395 പോയിന്റ് നേട്ടവുമായി 73,919ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി 119 പോയിന്റ് ഉയർന്ന് 23,242ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം ഓഹരികളിൽ ഉൾപ്പെടെ കനത്ത ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button