പ്രശസ്‌ത സംവിധായകൻ പി ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്‌തസംവിധായകൻ പി ഭാരതിരാജ (84) അന്തരിച്ചു. പുലർച്ചെ മൂന്നരയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളും ശ്വാസതടസവും കാരണം കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. തമിഴ്‌സിനിമയുടെ ഗ്രാമീണമുഖം മാറ്റിയെഴുതിയ ’16 വയതിനിലെ’ ‘മുതൽ മര്യാദൈ’ വരെയുള്ള അനശ്വര ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജിവിതത്തിനിടയിൽ ആറു തവണ ദേശീയ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

കഥയും കഥാപാത്രങ്ങളും മാറുമ്പോഴും ഭാരതിരാജയുടെ ഫ്രെയിമുകൾ തമിഴ്‌നാടിന്റെ ഗ്രാമീണഭംഗി നിലനിർത്തുന്നതായിരുന്നു. പുരാണകഥകളിൽ കേന്ദ്രീകരിച്ചുപൊയ്‌ക്കൊണ്ടിരുന്ന തമിഴ്‌സിനിമയെ സാധാരണ ജനങ്ങളിലേക്ക് ഊട്ടിയുറപ്പിച്ച പ്രതിഭയാണ് ഭാരതിരാജ. സൂപ്പർഹിറ്റുകളുടെ ഒരു പരമ്പരതന്നെ അദ്ദേഹം തമിഴിൽ തീർത്തു.

2004ൽ രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ച അദ്ദേഹം 2013ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായിരുന്നു.സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങിയ അദ്ദേഹം ജീവിതത്തിന്റെ അവസാനനാളുകളിൽ അഭിനയത്തിലും കൈയ്യൊപ്പിട്ടു. ധനുഷ് നായകനായ തിരുച്ചിത്രമ്പലത്തിലെ അദ്ദേഹത്തിന്റെ അഭിനയം വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു.

മോഹൻലാൽ നായകനായ തുടരും എന്ന ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ ഭാരതിരാജ എത്തിയിരുന്നു.കഴിഞ്ഞവർഷം മാർച്ചിലാണ് അദ്ദേഹത്തിന്റെ മകനും നടനുമായ മനോജ് ഭാരതിരാജ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. മകന്റെ വിയോഗത്തിനു പിന്നാലെ വലിയ മാനസികസംഘർഷത്തിലായിരുന്നു ഭാരതിരാജ. പഴയകാല മലയാളനടിയായ നന്ദനയാണ് അദ്ദേഹത്തിന്റെ മരുമകൾ. ഭാര്യ ചന്ദ്രലേഖ, മകൾ ജനനി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button