തിരുവനന്തപുരം സംഘർഷം: യൂത്ത് കോൺഗ്രസ്- എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ രാത്രിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ എജീസ് ഓഫീസ് മാർച്ചിനിടെയാണ് സംഘർഷത്തിന് തുടക്കമായത്. പാലയം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ചിനിടെ ചെറിയ തോതിൽ സംഘർഷമുണ്ടാകുകയും പിന്നീട് സ്ഥിതിഗതികൾ രൂക്ഷമാകുകയുമായിരുന്നു.
രാത്രി എട്ടുമണിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലയത്ത് എത്തി. പന്തം കൊളുത്തി പ്രതിഷേധം നടത്തുന്നതിനുള്ള തയ്യാറെടുപ്പിനിടെ മെൻസ് ഹോസ്റ്റലിൽനിന്ന് കല്ലേറുണ്ടായെന്നാണ് ആരോപണം. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കല്ലേറ് നടത്തിയതായി പൊലീസ് പറയുന്നു. ഇതിനിടെ ചില പ്രവർത്തകർ കത്തിച്ച പന്തം ഹോസ്റ്റൽ പരിസരത്തേക്ക് വലിച്ചെറിഞ്ഞു.
നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കിയതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രതിഷേധവുമായി നീങ്ങി. പിന്നീട് തിരിച്ചെത്തിയ പ്രവർത്തകർ മെൻസ് ഹോസ്റ്റലിലേക്ക് പ്രകടനം നടത്തിയതോടെ വീണ്ടും സംഘർഷമുണ്ടായി. ഹോസ്റ്റലിന് അകത്തേക്കും പുറത്തുനിന്നും യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ പരസ്പരം കല്ലേറ് നടത്തിയെന്നാണ് വിവരം.
ഹോസ്റ്റലിന് മുന്നിൽ വിന്യസിച്ചിരുന്ന പൊലീസിനെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും നടത്തി. സംഭവത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റു.
അതേസമയം, യൂത്ത് കോൺഗ്രസ് അതിക്രമത്തിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്കിന് എസ്എഫ്ഐ ആഹ്വാനം ചെയ്തിട്ടുണ്ട്.



