തിരഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങൾ; മറുപടി തേടി സുപ്രീംകോടതിയെ സമീപിച്ച് പ്രതിപക്ഷം!

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും കോടതിക്ക് മുന്നിൽ ചോദ്യം ചെയ്യാൻ അനുമതി തേടി പ്രതിപക്ഷ നേതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ 48 രേഖാമൂലമുള്ള ചോദ്യങ്ങൾ ഉന്നയിച്ച് ചോദ്യം ചെയ്യാനാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനോടും തിരഞ്ഞെടുപ്പ് കമ്മിഷണർമാരോടും സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെടണമെന്നും ഹർജിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. എസ്.ഐ.ആർ, വോട്ടർമാരെ ഒഴിവാക്കൽ, കമ്മിഷന്റെ ഓൺലൈൻ വോട്ടർ രജിസ്ട്രേഷൻ സംവിധാനങ്ങളിൽ വരുത്തിയ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
മുൻഹർജിക്ക് മറുുപടിയായി തിരഞ്ഞെടുപ്പ് കമ്മിഷൻ വസ്തുതകളും അനുബന്ധ രേഖകളും ഹാജരാക്കുന്നതിന് പകരം വെറും അവകാശ വാദങ്ങൾ മാത്രമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സുപ്രിയ സുലെ തുടങ്ങിയ നേതാക്കളും ചേർന്നാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.



