‘സണ്ണി’ തുടരും; കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കുന്നത് വൈകും, നിയമനങ്ങൾക്ക് പുതിയ മാനദണ്ഡം

തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്റ് ആരാകുമെന്നതിൽ ഉടൻ തീരുമാനമുണ്ടാകില്ല. നിയമനം മാസങ്ങളോളം നീളുമെന്ന സൂചനകൾക്കിടെ നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫിനോട് കൂടുതൽ സജീവമായി പ്രവർത്തിക്കാൻ നേതൃത്വം നിർദേശം നൽകി. ഇതിന്റെ ഭാഗമായി കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയും ഭാരവാഹിയോഗവും ഓണത്തിന് ശേഷം വിളിച്ചുചേർക്കാനും തീരുമാനമായി.

എ.ഐ.സി.സി പ്രഖ്യാപിച്ച പാർട്ടി പരിപാടികൾ സംസ്ഥാനത്ത് നടപ്പാക്കേണ്ടതുണ്ട്. ഇതിനൊപ്പം ബോർഡ്, കോർപ്പറേഷൻ, അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലെ രാഷ്ട്രീയ നിയമനങ്ങൾക്ക് മാനദണ്ഡം നിശ്ചയിക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ കെ.പി.സി.സി പ്രസിഡന്റ് എത്തിയശേഷം നിയമനങ്ങൾ നടത്താമെന്നായിരുന്നു നേരത്തെയുള്ള ധാരണ.

അഴിമതിക്കെതിരായ യുവജനമുന്നേറ്റത്തിന് പിന്തുണ നൽകുന്നതിനായി എ.ഐ.സി.സി ആവിഷ്കരിച്ച ഛാത്രോം കി കുഞ്ച് പ്രചാരണ പരിപാടിയും സംസ്ഥാനത്ത് നടപ്പാക്കും. അയോധ്യ സംഭാവനക്കൊള്ള സംബന്ധിച്ച സംസ്ഥാനത്തെ പ്രചാരണ പരിപാടിയെക്കുറിച്ചും യോഗത്തിൽ തീരുമാനമുണ്ടാകും.

അതേസമയം, സ്ഥാനങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ യു.ഡി.എഫിൽ ആരംഭിച്ചു. കോൺഗ്രസിന് ലഭിക്കുന്ന ബോർഡ്, കോർപ്പറേഷൻ അടക്കമുള്ള സ്ഥാനങ്ങളിലെ നിയമനത്തിന് പൊതുമാനദണ്ഡം കൊണ്ടുവരാനാണ് തീരുമാനം. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാത്തവരെ മറ്റ് പദവികളിലേക്ക് പരിഗണിക്കണമെന്ന പൊതുനയം നേരത്തെയുണ്ട്.

ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ തുടങ്ങിയവരെ ബോർഡ്-കോർപ്പറേഷൻ അംഗത്വത്തിലേക്ക് പരിഗണിച്ചാൽ മതിയെന്ന നിലപാടും ഉയർന്നിട്ടുണ്ട്. എം.പി, എം.എൽ.എ സ്ഥാനങ്ങളിൽ ഇരുന്ന് പെൻഷൻ വാങ്ങുന്നവരെ ഇത്തരം നിയമനങ്ങളിൽ പരിഗണിക്കേണ്ടതില്ലെന്ന അഭിപ്രായവും ശക്തമാണ്.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിരവധി പേരുകൾ ഉയർന്ന സാഹചര്യത്തിൽ വിപുലമായ കൂടിയാലോചനകൾക്ക് ശേഷമേ അന്തിമ നിയമനം നടത്തൂ എന്നാണ് ഹൈക്കമാൻഡ് നിലപാട്. ഇതിനിടെ അഞ്ച് ഡി.സി.സി പ്രസിഡന്റുമാർ എം.എൽ.എമാരായതിനാൽ പുതിയ കെ.പി.സി.സി അധ്യക്ഷനെത്തുന്നതോടെ അവിടെയും മാറ്റമുണ്ടാകുമെന്നാണ് സൂചന. അതോടെ അധ്യക്ഷ നിയമനത്തിനൊപ്പം പാർട്ടിയിലെ സംഘടനാ പുനഃക്രമീകരണവും സജീവമാകാനാണ് സാധ്യത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button