രാഹുൽ ഈശ്വറിന് ശാസന, ഷിജിന്റെ ‘നോട്ടം’; ആസിഫിന് അവസാന മുന്നറിയിപ്പ്, നാളെ നിർണായകം നോമിനേഷൻ!

ബിഗ് ബോസ് മലയാളം സീസൺ 8 രണ്ടാമത്തെ ആഴ്ചയിൽ എത്തിനിൽക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും രസകരവും സംഘർഷഭരിതവുമായി സംഭവങ്ങളുമായി മുന്നോട്ട് പോകുന്ന ഷോയിൽ ഇന്ന് മോഹൻലാൽ എത്തുന്ന വീക്കെൻഡ് എപ്പിസോഡ് ആണ് നടന്നത്. കഴിഞ്ഞ ഒരാഴ്ച ബിഗ് ബോസ് ഹൗസിൽ നടന്നതും പ്രേക്ഷകർക്കിടയിൽ ചർച്ചയായതുമായ വിഷങ്ങൾ മോഹൻലാൽ മത്സരാർത്ഥികളോട് ചോദിക്കുകയും ചെയ്തു. പലരേയും ശാസിക്കുകയും ഉപദേശിക്കുകയും ഒക്കെ ചെയ്തു.
രാഹുൽ ഈശ്വറോട് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മോഹൻലാൽ തുടങ്ങിയത്. “മറ്റുള്ളവർക്ക് രാഹുൽ സ്പെയ്സ് കൊടുക്കുന്നില്ല. മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ്. അവരുടെ സ്ക്രീൻ സ്പെയ്സ് നിങ്ങൾ എടുക്കുന്നു. അവർക്ക് കൂടി കളിക്കാനുള്ള സ്പെയ്സ് കൊടുക്ക് രാഹുലേ..”, എന്ന് മോഹൻലാൽ പറയുന്നുണ്ട്.
അങ്ങനെ ആർക്കെങ്കിലും തോന്നിയോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ നേഹ, നോബി, മൃദുല വിജയ്, ശ്രീലക്ഷ്മി അറയ്ക്കൽ, താഷി, ഐശ്വര്യ തുടങ്ങിയവർ രാഹുലിന്റെ “വല്യേട്ടൻ കളി”യ്ക്കെതിരെ സംസാരിച്ചു. പിന്നാലെ സപ്പോർട്ട് ചെയ്തവരുടെ മൈക്ക് രാഹുലിന് ഇട്ടുകൊടുക്കാൻ മോഹൻലാൽ പറഞ്ഞു. പിന്നാലെ രാഹുലിന് ഒരു വീണ മോഹൻലാൽ സമ്മാനിക്കുകയും ചെയ്തിരുന്നു.
ഷിജിന്റെ നോട്ടം ശരിയല്ലെന്ന തരത്തിൽ ലോലിറ്റ, രാകേഷിനോട് പറഞ്ഞത് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇതും മോഹൻലാൽ ചോദിച്ചു. ഷിജിൻ എന്താണ് പേടിപ്പിച്ച് നോക്കുന്നത്? എന്നാണ് ലോലിറ്റയോട് മോഹൻലാൽ ചോദിച്ചത്. അഗ്നിപരീക്ഷയിൽ നിന്നും വ്യത്യസ്തമായി വേറൊരാളായി ഷിജിനെ തോന്നിയെന്നും ശേഷം ഒരു ബൗണ്ടറി വച്ചെന്നും ലോലിറ്റ പറഞ്ഞു.
നേഹയോട് ഇതെ പറ്റി മോഹൻലാൽ ചോദിച്ചപ്പോൾ “അവന്റെ നോട്ടമാണ് രസമുള്ള നോട്ടം” എന്നായിരുന്നു മറുപടി നൽകിയത്. അഗ്നിപരീക്ഷയിൽ നിന്നത് പോലെ താൻ ഇപ്പോഴും നിങ്ങൾക്കണമെന്നാണ് പലരും ആഗ്രഹിക്കുന്നതെന്നും എന്നാൽ താൻ ഇംപ്രൂവ് ആകുന്നതാണെന്നും ഷിജിൻ മറുപടിയായി പറയുകയും ചെയ്തു.
ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചർച്ചയായ ആസിഫിന്റെ മോശം ഭാഷാപ്രയോഗത്തേയും മോഹൻലാൽ ചോദ്യം ചെയ്തു. കടൽ കൊമ്പനെ കുറിച്ച് ‘രാഹുലേട്ടാ തൊടല്ലേ.. തൊട്ടാൽ നാറും’, എന്ന് ആസിഫ് പറഞ്ഞത് അടക്കമുള്ള കാര്യങ്ങൾ ചോദ്യം ചെയ്ത മോഹൻലാൽ “അങ്ങനെ ഉപയോഗിക്കാൻ പാടില്ലായിരുന്നു. ഇത് ഞങ്ങളുടെ ഗെയിം ആണ്.
ഇത് പ്രോത്സാഹിപ്പിക്കാൻ പറ്റില്ല. മര്യാദയ്ക്ക് കളിക്കാൻ പറ്റുമെങ്കിൽ മതി. സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകൾ പുറത്ത് പോയി പറയൂ. നമ്മളതിനെ എന്റർടെയ്ൻ ചെയ്യില്ല. ലക്ഷക്കണക്കിന് ആളുകൾ കാണുന്ന ഷോയാണിത്. വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല. ആസിഫ്.. ഇനി ഇതിനെ കുറിച്ച് സംസാരിക്കില്ല. വേറൊരു തരത്തിലായിരിക്കും ഞാൻ പ്രതികരിക്കുക”, എന്നും പറഞ്ഞു. ആസിഫിന്റെ മോശം വാക്കുകൾ കേട്ട് ചിരിച്ച ലോലിറ്റയേയും മോഹൻലാൽ ചോദ്യം ചെയ്തിരുന്നു.
അതേസമയം, ഈ ആഴ്ച നോബി, സുമേഷ്, കൊമ്പൻ, ഐശ്വര്യ, ശ്രീലയ, നേഹ, ശ്രീലക്ഷ്മി, അഞ്ജലി, ജസീല തുടങ്ങി ഒൻപത് പേരാണ് നോമിനേഷനിൽ വന്നത്. ഇതിൽ നോബി സേഫ് ആയി. ബാക്കിയുള്ള എട്ട് പേരിൽ ആരാകും എവിക്ട് ആകുകയെന്ന് നാളെ അറിയാനാകും.



