രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി രാജീവ് ചന്ദ്രശേഖർ; ബംഗ്ലാദേശിൽ പോയി രാഷ്ട്രീയം കളിക്കണമെന്ന് വിമർശനം

ഇന്ത്യയിൽ അരാജകത്വം സൃഷ്ടിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി നിരന്തരം നുണപ്രചാരണം നടത്തുകയാണെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. നുണകൾ പറഞ്ഞ് ജയിക്കാമെന്നാണ് രാഹുൽ കരുതുന്നത്. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ഭാവമെങ്കിൽ രാഹുൽ ഗാന്ധി ബംഗ്ലാദേശിലേക്ക് പോകണമെന്നും, അവിടെ തന്നെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കൊപ്പം ചേർന്ന് രാഷ്ട്രീയം കളിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.

തുടർച്ചയായ തിരിച്ചടികൾക്ക് ശേഷവും കോൺഗ്രസിന്റെ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014-ലും 2019-ലും ജനങ്ങൾ കോൺഗ്രസിനെ തോൽപ്പിച്ചു. 2024-ൽ വൻ നുണപ്രചാരണം നടത്തിയിട്ടും അവർക്ക് ജയിക്കാനായില്ല. ജനങ്ങളുടെ സന്ദേശം വ്യക്തമായിട്ടും ഭരണമികവ് കാട്ടി വോട്ട് നേടാൻ കോൺഗ്രസിന് കഴിയില്ലെന്ന് ബോധ്യമായതോടെയാണ് നുണപ്രചാരണത്തിലൂടെ ജനശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ ബി.ജെ.പിയും 140 കോടി ജനങ്ങളുമുള്ളപ്പോൾ രാഹുലിന്റെ ഇത്തരം സ്വപ്നങ്ങൾ ഇന്ത്യയിൽ നടപ്പിലാകില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button