വീണ്ടും വിവാഹവേദിയിൽ ഒരുമിച്ച് വിജയ്യും തൃഷയും; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ചെന്നൈ: ആന്ധ്രയിലെ രാഷ്ട്രീയനേതാവും വ്യവസായിയുമായ വൈഎസ് അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹത്തിൽ അതിഥിയായി എത്തി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ചെന്നൈ ലീലാ പാലസിൽ നടന്ന വിവാഹസത്കാരത്തിൽ വിജയ്ക്കൊപ്പം നടി തൃഷയും പങ്കെടുത്തു. വിജയ്യും തൃഷയും ഒന്നിച്ചെത്തിയാണ് വധൂവരന്മാരെ ആശീർവദിച്ചത്. ഇരുവരും ഒന്നിച്ച് വേദിയിൽ നിൽക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അനിൽ റെഡ്ഡിയുടെ മകൾ ശ്രേയയുടെ വിവാഹമാണ് നടന്നത്. ഉജ്വലാണ് വരൻ.
വിജയ്യുടെ ഭാര്യ സംഗീത സൊർണലിംഗം നേരത്തെ വിവാഹമോചന ഹർജി ഫയൽ ചെയ്തതും പിന്നീട് അത് പിൻവലിച്ചതും വലിയ ചർച്ചയായിരുന്നു. നടൻ വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനക്കേസ് നൽകിയിരിക്കുന്നത്. തുടർന്ന് തൃഷയാണ് അതെന്ന തരത്തിൽ വലിയ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന് പിന്നാലെ ഇരുവരും ഒരുമിച്ച് ഇത്തരം പരിപാടിയിൽ പങ്കെടുക്കുന്നത് വലിയ ജനശ്രദ്ധയാണ് നേടുന്നത്. അടുത്തിടെ നിർമ്മാതാവ് കൽപ്പാത്തി സുരേഷിന്റെയും മീനാക്ഷിയുടെയും മകന്റെ വിവാഹ സൽക്കാരത്തിൽ വിജയും തൃഷയും ഒരുമിച്ച് പങ്കെടുത്തിരുന്നു.



